ട്രംപിന് നെഞ്ചിടിപ്പേറുന്നു; യു.എസ് കോൺഗ്രസ് ഡെമോക്രാറ്റുകൾ പിടിച്ചെടുക്കുമെന്ന് അലൻ ലിക്റ്റ്മാൻ, 11 യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ 9 എണ്ണവും കൃത്യമായി പ്രവചിച്ച ചരിത്രകാരൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ചരിത്ര വിജയം നേടുമെന്നും യു.എസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുക്കുമെന്നും പ്രവചനവിദഗ്ദ്ധനും പ്രശസ്ത ചരിത്രകാരനുമായ അലൻ ലിക്റ്റ്മാൻ. കഴിഞ്ഞ 11 യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ 9 എണ്ണവും കൃത്യമായി പ്രവചിച്ച വാഷിംഗ്ടൺ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ലിക്റ്റ്മാന്റെ പുതിയ വിലയിരുത്തൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയാകുമെന്ന സൂചനയാണ് നൽകുന്നത്.

ദേശീയ പോളിംഗ് സൂചകങ്ങൾ, വോട്ടർമാരുടെ ആവേശം, ആദ്യകാല വോട്ടിംഗ് ട്രെൻഡുകൾ എന്നിവ ഡെമോക്രാറ്റുകൾക്ക് അനുകൂലമാണെന്ന് ബ്രിട്ടീഷ് പത്രമായ ‘ദി ടൈംസിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രസിഡന്റിന്റെ ജനപ്രീതിയിലുണ്ടായ ഇടിവും ഭരണകക്ഷിക്ക് ഇടക്കാല തിരഞ്ഞെടുപ്പുകളിൽ സാധാരണയായി ഉണ്ടാകാറുള്ള ചരിത്രപരമായ തിരിച്ചടികളും റിപ്പബ്ലിക്കൻമാരുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള പ്രതിനിധി സഭ (House of Representatives) ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കാനുള്ള സാധ്യത 90 ശതമാനത്തിലധികമാണെന്ന് ലിക്റ്റ്മാൻ പ്രവചിക്കുന്നു. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 67 ശതമാനം വിജയസാധ്യതയുണ്ടെന്നും 51-49 എന്ന ഭൂരിപക്ഷത്തിൽ സഭയുടെ നിയന്ത്രണം അവർ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ്ൻ, നോർത്ത് കരോലിന, ഒഹായോ, ടെക്സസ് തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ അനുകൂല സംസ്ഥാനങ്ങളിൽ പോലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ടെക്സസിലെ കെൻ പാക്സ്റ്റൺ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ ബലഹീനതയും ഡെമോക്രാറ്റുകൾക്ക് തുണയാകും. കൂടാതെ, ഇലോൺ മസ്കിനെപ്പോലുള്ള വൻകിട കോടീശ്വരന്മാരുടെ അമിതമായ പണക്കൊഴുപ്പ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനെയും ലിക്റ്റ്മാൻ വിമർശിച്ചു.

കഴിഞ്ഞ 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസ് വിജയിക്കുമെന്ന ലിക്റ്റ്മാന്റെ പ്രവചനം തെറ്റിയിരുന്നുവെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം ഡെമോക്രാറ്റുകൾക്ക് പൂർണ്ണമായും അനുകൂലമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Trump faces a nervous moment; historian Allan Lichtman predicts Democrats will take control of the U.S. Congress.

Also Read

More Stories from this section

family-dental
witywide