ഉപാധികൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന് ഇറാൻ, യുറേനിയം ശേഖരം മാറ്റില്ല, ആക്രമിച്ചാൽ ആണവ നയമടക്കം മാറ്റുമെന്നും മുന്നറിയിപ്പ്

ടെഹ്റാൻ: തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അമേരിക്ക അംഗീകരിക്കുകയാണെങ്കിൽ രണ്ടു ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അമേരിക്കയ്ക്കും ഇറാനുമിടയിൽ യുദ്ധമൊഴിവാക്കാനുള്ള ധാരണയ്ക്കായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഹോർമൂസിൽ ആക്രമണങ്ങൾ തുടരുമ്പോഴും ഇറാൻ ഈ ഇളവ് നൽകാൻ തയാറായത്. മുൻപ് അവതരിപ്പിച്ച ഏഴ് ദിന പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നാണ് സൂചന.

അതേസമയം, ചർച്ചകളിൽ പ്രധാന തർക്കവിഷയമായി നിലനിൽക്കുന്ന യുറേനിയം ശേഖരം മറ്റൊരു രാജ്യത്തിനും കൈമാറില്ലെന്ന കടുത്ത നിലപാടിലാണ് ടെഹ്റാൻ. യുറേനിയം തങ്ങൾ സൂക്ഷിക്കാമെന്ന് റഷ്യ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അക്കാര്യത്തിൽ ചർച്ചയ്ക്കേ പ്രസക്തിയില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതിനിടെ, ഇറാനുമേൽ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ വെളിപ്പെടുത്തിയതിന് പിന്നാലെ, തങ്ങളുടെ ആണവ നയം മാറ്റുന്നത് ആലോചനയിലാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നൽകിയ ഫത്വയാണ് നിലവിലെ നയത്തിന് അടിസ്ഥാനമെന്നും എന്നാൽ തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ലോകത്ത് മറ്റ് ആണവശക്തികൾ കൂടിയുണ്ടെന്ന് ഓർക്കുന്നത് നന്നാവുമെന്നും ഇറാൻ തിരിച്ചടിച്ചു.

ഗൾഫ് രാജ്യങ്ങളുമായി സഹകരിച്ചു പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഈ രാജ്യങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്കൻ ആക്രമണം ഉണ്ടായാൽ നോക്കിനിൽക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Iran Ready to Open Strait of Hormuz in Two Days if Conditions Met; Warns of Shift in Nuclear Policy

Also Read

More Stories from this section

family-dental
witywide