
വാഷിംഗ്ടൺ: വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങൾ കൈകാര്യം ചെയ്ത മുൻ യുഎസ് ഭരണകൂടങ്ങളുടെ തന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഒരൊറ്റ ആഴ്ച കൊണ്ട് തനിക്ക് വിയറ്റ്നാം യുദ്ധം ജയിക്കാമായിരുന്നു എന്നാണ് ട്രംപിന്റെ വിചിത്രമായ അവകാശവാദം. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രാഷ്ട്രീയ റാലിയിലാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്.
“എനിക്ക് വിയറ്റ്നാം യുദ്ധം ഒരു ആഴ്ച കൊണ്ട് ജയിക്കാമായിരുന്നു,” റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. മുൻ യുഎസ് ഭരണകൂടങ്ങൾക്ക് വലിയ തന്ത്രപരമായ പിഴവുകൾ സംഭവിച്ചതായി ആരോപിച്ച അദ്ദേഹം, യുദ്ധകാലത്ത് വനങ്ങളിൽ മാരകമായ ‘ഏജന്റ് ഓറഞ്ച്’ രാസായുധം പ്രയോഗിച്ചതിനെയും വിമർശിച്ചു. “ഹോ ചി മിൻ നഗരത്തിന് നേരെയും മറ്റ് പ്രധാന നഗരങ്ങൾക്ക് നേരെയും നീങ്ങുന്നതിന് പകരം, അവർ വനങ്ങളിൽ ഏജന്റ് ഓറഞ്ച് പോലെയുള്ള എന്തൊക്കെയോ പാഴ്വസ്തുക്കൾ വർഷിക്കുകയാണ് ചെയ്തത്,” ട്രംപ് കുറ്റപ്പെടുത്തി. സമാനമായ രീതിയിൽ അഫ്ഗാനിസ്ഥാൻ പ്രതിസന്ധിയും തനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trump:I could have won the Vietnam War in a week.They kept bombing forests for years instead of going after Ho Chi Minh City. https://t.co/SZ0Jv3qSCH
— Clash Report (@clashreport) November 1, 2026
എന്നാൽ, ട്രംപിന്റെ പ്രസ്താവനയിലെ ഗുരുതരമായ വസ്തുതാപ്പിഴവുകൾ ചൂണ്ടിക്കാട്ടി രാജ്യാന്തര തലത്തിൽ കടുത്ത വിമർശനവും പരിഹാസവും ഉയരുകയാണ്. വിയറ്റ്നാം യുദ്ധകാലത്ത് ‘ഹോ ചി മിൻ സിറ്റി’ എന്നൊരു നഗരം ഉണ്ടായിരുന്നില്ലെന്നും, അന്നത്തെ ദക്ഷിണ വിയറ്റ്നാമിന്റെ തലസ്ഥാനമായ ‘സൈഗോൺ’ ആണ് പിന്നീട് ഹോ ചി മിൻ സിറ്റിയായി മാറിയതെന്നും ചരിത്രകാരന്മാരും മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിൽ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നു ദക്ഷിണ വിയറ്റ്നാം. അമേരിക്കയുടെ ശത്രുപക്ഷത്തുണ്ടായിരുന്ന വടക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനം ‘ഹോ ചി മിൻ സിറ്റി’ ആയിരുന്നില്ല, മറിച്ച് ‘ഹനോയ്’ ആയിരുന്നു.
അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിരുന്ന, സ്വന്തം സഖ്യകക്ഷിയുടെ തലസ്ഥാന നഗരത്തിന് നേരെ ബോംബെറിയാനാണോ ട്രംപ് ഉദ്ദേശിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന പരിഹാസം. “സ്വന്തം സഖ്യകക്ഷിയുടെ ആസ്ഥാനത്ത് ബോംബിട്ടാൽ യുദ്ധം ഒരാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നു എന്നത് ശരിയാണ്” എന്ന് ഒരു എക്സ് (ട്വിറ്റർ) ഉപയോക്താവ് കുറിച്ചു. “തങ്ങൾ തന്നെ സംരക്ഷിച്ച ഒരു നഗരത്തെ ബോംബെറിഞ്ഞ് തകർക്കാനാണോ ട്രംപ് പദ്ധതിയിട്ടത്?” എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ആദ്യമായല്ല. ഏകദേശം ഒന്നര വർഷം മുമ്പ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും, തനിക്കായിരുന്നെങ്കിൽ വിയറ്റ്നാം യുദ്ധം മൂന്ന് മുതൽ നാല് മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
1955 മുതൽ 1975 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക പരാജയങ്ങളിലൊന്നായാണ് അമേരിക്ക കണക്കാക്കുന്നത്. വൻതോതിൽ സൈന്യത്തെയും സമ്പത്തിനെയും ഇറക്കിയിട്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകാതെ ഒടുവിൽ അമേരിക്കയ്ക്ക് വിയറ്റ്നാമിൽ നിന്ന് പിൻവാങ്ങേണ്ടി വരികയായിരുന്നു.
Trump claims the Vietnam War could have been won in a single week; social media mocks the bizarre assertion.















