ആകാശത്തുനിന്ന് ടങ്സ്റ്റൺ മഴ പെയ്യുമോ? നാസയുടെ 1.4 ടൺ ഭാരമുള്ള സ്വിഫ്റ്റ് ടെലിസ്‌കോപ്പ് ഈ ആഴ്ച ഭൂമിയിൽ പതിക്കും, അവശിഷ്ടങ്ങൾ കേരളമടക്കമുള്ള തെക്കേ ഇന്ത്യയിലും വീണേക്കാം

ന്യൂഡൽഹി: നാസയുടെ 22 വർഷം പഴക്കമുള്ള പ്രശസ്ത ബഹിരാകാശ ദൂരദർശിനിയായ ‘സ്വിഫ്റ്റ്’ നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് പതിക്കുന്നു. വരും ദിവസങ്ങളിൽ, നവംബർ 6-നുള്ളിൽ ഏത് സമയത്തും ടെലിസ്‌കോപ്പ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് യുഎസ് സ്പേസ് ഫോഴ്‌സിന്റെ കണക്കുകൂട്ടൽ. കത്തിയമരാതെ അവശേഷിക്കുന്ന ഭാഗങ്ങൾ വീഴാൻ സാധ്യതയുള്ള മേഖലയിൽ തെക്കേ ഇന്ത്യയും ഉൾപ്പെട്ടിട്ടുള്ളത് ആശങ്ക പരത്തുന്നുണ്ട്.

1.4 ടൺ ഭാരമുള്ള ഈ വലിയ പേടകത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിലെ കടുത്ത ഘർഷണം മൂലം കത്തിയമരുമെന്നാണ് നാസ വ്യക്തമാക്കുന്നത്. എന്നാൽ ലെഡിനേക്കാൾ സാന്ദ്രതയേറിയ ടങ്സ്റ്റൺ ലോഹം കൊണ്ടുണ്ടാക്കിയ ചില ഘടകങ്ങളും, ദൂരദർശിനിയുടെ കണ്ണാടിയുടെ ഭാഗങ്ങളും കടുത്ത ചൂടിനെ അതിജീവിച്ച് ഭൂമിയിൽ പതിച്ചേക്കാം. ഇവ സമുദ്രത്തിലോ ജനവാസമില്ലാത്ത മേഖലകളിലോ വീഴാനാണ് 90 ശതമാനത്തിലധികം സാധ്യത.

കേരളവും തമിഴ്‌നാടും ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങൾ ജാഗ്രതയിൽ

ഭൂമധ്യരേഖയിൽ നിന്ന് 20.6 ഡിഗ്രി ചരിഞ്ഞ ഭ്രമണപഥത്തിലൂടെയാണ് സ്വിഫ്റ്റ് സഞ്ചരിക്കുന്നത്. ഇന്ത്യയിൽ പടിഞ്ഞാറൻ തീരത്തെ ദാമൻ മുതൽ ഒഡീഷയിലെ കട്ടക്ക് വരെയുള്ള രേഖയ്ക്ക് തെക്കോട്ടുള്ള ഭാഗങ്ങളാണ് ഈ സഞ്ചാരപഥത്തിന്റെ പരിധിയിൽ വരുന്നത്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങൾ ഇതിലുൾപ്പെടുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങൾ ഈ അപകടസാധ്യതാ മേഖലയിലാണ്. അതേസമയം ഡൽഹി, കൊൽക്കത്ത ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ ഈ പരിധിക്ക് പുറത്താണ്.

കൃത്യമായി ഏത് സ്ഥലത്താണ് പേടകം പതിക്കുക എന്ന് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപുള്ള അവസാന മണിക്കൂറുകളിൽ മാത്രമേ വ്യക്തമാകൂ. നിലവിൽ യാതൊരു നിയന്ത്രണവുമില്ലാത്ത ‘അൺകൺട്രോൾഡ് റീ-എൻട്രി’ രീതിയിലാണ് സ്വിഫ്റ്റിന്റെ പതനം.

സ്പേസ് ട്രാഫിക് വർദ്ധിച്ചതോടെ കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ ഭൂമിക്ക് ഭീഷണിയാകുന്നത് പതിവായിരിക്കുകയാണ്. 2004-ൽ പ്രപഞ്ചത്തിലെ പ്രബല സ്ഫോടനങ്ങളായ ഗാമാ-റേ വികിരണങ്ങളെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച സ്വിഫ്റ്റിനെ ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ നാസ ശ്രമിച്ചിരുന്നു. ഇതിനായി 2026 ജൂലൈയിൽ ‘ലിങ്ക്’ എന്ന റോബോട്ടിക് പേടകം വിക്ഷേപിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം ഈ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ഒക്ടോബർ 20-ഓടെ സ്വിഫ്റ്റ് അതിന്റെ ശാസ്ത്ര നിരീക്ഷണങ്ങൾ പൂർണ്ണമായി അവസാനിപ്പിച്ചു.

ഭൂമിയിലേക്ക് പതിക്കുന്ന ഇത്തരം വസ്തുക്കളെ ശ്രീഹരിക്കോട്ടയിലെ അത്യാധുനിക റഡാർ സംവിധാനം (MOTR) ഉപയോഗിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) നിരീക്ഷിച്ചുവരികയാണ്. ആളപായത്തിനുള്ള സാധ്യതകൾ വളരെ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു.

NASA’s 1.4-tonne Swift telescope will fall to Earth this week; debris could land in South India, including Kerala.

Also Read

More Stories from this section

family-dental
witywide