ബീച്ചില്‍ പോകുന്നവര്‍ സൂക്ഷിക്കുക; ഗാല്‍വെസ്റ്റണ്‍ മണല്‍ക്കൂനകളില്‍ പാമ്പുകള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയെന്ന് മുന്നറിയിപ്പ്

ഹൂസ്റ്റണ്‍: വിന്റര്‍ സീസണ്‍ തുടങ്ങിയതോടെ ബീച്ചുകളില്‍ പോകുന്നവര്‍ക്ക് വിഷപാമ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡ് സ്റ്റേറ്റ് പാര്‍ക്ക് അധികൃതര്‍. മണലില്‍ റാറ്റില്‍സ്‌നേക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തണുപ്പ് വര്‍ധിക്കുന്നതിനാല്‍ പാമ്പുകള്‍ ചൂട് ലഭിക്കുന്നതിന് വേണ്ടി മാളങ്ങള്‍ വിട്ട് പുറത്തിറങ്ങുകയും ചൂട് ലഭിക്കാനായി മണല്‍ക്കൂനകളിലും മറ്റും അഭയം തേടുകയും ചെയ്യുമെന്നും ഇത് വളരെയധികം സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ബീച്ചില്‍ പോകുന്നവര്‍ പാമ്പുകളെ കണ്ടാല്‍, ഭയപ്പെടാതെ ശാന്തമായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു. പാമ്പിനെ കാണുകയാണെങ്കില്‍ പരിഭ്രാന്തരാകാതെ പാമ്പില്‍ നിന്ന് കുറഞ്ഞത് അഞ്ചടി അടി അകലെ മാറി നില്‍ക്കാനും വിവരം ഉടന്‍ തന്നെ പാര്‍ക്ക് ജീവനക്കാരെ അറിയിക്കാനുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡ് സ്റ്റേറ്റ് പാര്‍ക്കിലെ മണല്‍ക്കൂനകള്‍ റാറ്റില്‍സ്നേക്കുകള്‍ക്ക് അനുയോജ്യമായ വാസസ്ഥലമാണെന്നും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡ് സ്റ്റേറ്റ് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാഷണല്‍ വൈല്‍ഡ് ലൈഫ് ഫെഡറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഭൂഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും റാറ്റില്‍സ്‌നേക്കുകള്‍ ഉണ്ട്. ചതുപ്പുകള്‍, മരുഭൂമികള്‍, പുല്‍മേടുകള്‍, വനങ്ങള്‍ എന്നിങ്ങനെയുള്ള ആവാസ വ്യവസ്ഥകളാണ് ഇവര്‍ക്ക് പ്രിയം.