വാഷിങ്ടൻ: അമേരിക്കയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ടെലികോം ശൃംഖല നവീകരിക്കുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവാണ് ആയിരക്കണക്കിന് വിമാന സർവീസുകളെ താറുമാറാക്കിയത്. സെപ്റ്റംബർ 11 ഭീകരാക്രമണങ്ങൾക്കുശേഷം രാജ്യത്ത് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ രാജ്യവ്യാപക നിയന്ത്രണമായിരുന്നു വെള്ളിയാഴ്ചത്തേത്. നാലു മണിക്കൂറിലേറെ നീണ്ട നിയന്ത്രണത്തിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
വ്യോമഗതാഗത നിയന്ത്രണ ഉദ്യോഗസ്ഥരും പൈലറ്റുമാരും തമ്മിലുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനത്തിന്റെ ഒരു ഭാഗം ചെമ്പുകമ്പികളിൽനിന്ന് ഫൈബർ കേബിളിലേക്ക് മാറ്റുന്നതിനിടെയാണ് തകരാറുണ്ടായതെന്ന് യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി പറഞ്ഞു. കാലഹരണപ്പെട്ട ചെമ്പുകമ്പികൾക്ക് പകരം പുതിയ സംവിധാനം സ്ഥാപിക്കുന്ന ജോലിയാണ് പ്രതിസന്ധിക്ക് കാരണമായത്.
വെള്ളിയാഴ്ച നവീകരണജോലി നടത്തിയ എൽ3ഹാരിസ് എന്ന സർക്കാർ കരാറുകാരൻ പുതിയ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനിടെ ഒരു റൂട്ടർ ഘടിപ്പിച്ചിരുന്നു. ശൃംഖലയിലെ വിവര കൈമാറ്റം നിയന്ത്രിക്കുന്ന ഈ ഉപകരണത്തിൽനിന്ന് മറ്റ് സംവിധാനങ്ങളിലേക്ക് അമിതമായി കണക്ഷൻ അഭ്യർഥനകൾ എത്താൻ തുടങ്ങി. ഓരോ നാലോ അഞ്ചോ സെക്കൻഡിലും ആയിരത്തോളം കണക്ഷൻ ശ്രമങ്ങൾ ഉണ്ടായതോടെ യുഎസിലെ 22 എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളിൽ 17 എണ്ണത്തിലും ആശയവിനിമയ സംവിധാനം തകരാറിലായി.
തകരാറിന്റെ ഉറവിടം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് (എഫ്എഎ) 45 മിനിറ്റ് വേണ്ടിവന്നു. അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ കടലാസിൽ രേഖപ്പെടുത്തുന്നതാണ് കാരണം കണ്ടെത്തൽ വൈകാൻ ഇടയാക്കിയത്. രേഖകൾ പരിശോധിച്ച് ഏത് സ്ഥലത്ത് എന്ത് ജോലിയാണ് നടക്കുന്നതെന്ന് കണ്ടെത്തേണ്ടിവന്നുവെന്ന് എഫ്എഎ മേധാവി ബ്രയാൻ ബെഡ്ഫോർഡ് പറഞ്ഞു. തകരാറിന്റെ കാരണം കണ്ടെത്തുന്നതിനിടെ മുൻകരുതലായാണ് എല്ലാ വിമാനങ്ങളും നിലത്തിറക്കാൻ തീരുമാനിച്ചത്.
അമേരിക്കയുടെ വ്യോമഗതാഗത സംവിധാനം പൂർണമായി നവീകരിക്കേണ്ടതുണ്ടെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫിയും പറഞ്ഞു. ഇതിനായി ഏകദേശം 50 ബില്യൻ ഡോളർ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. തകരാറിന് കാരണം ഉപകരണങ്ങളുടെ പ്രശ്നമാണോ ജോലിയിലെ വീഴ്ചയാണോ എന്ന് അന്വേഷിക്കുമെന്നും പകൽസമയത്ത് ഇത്തരം നവീകരണ ജോലികൾ നടത്തുന്നത് പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണപ്രവർത്തനങ്ങളിൽ എഫ്എഎയുമായി സഹകരിക്കുന്നുണ്ടെന്ന് എൽ3ഹാരിസും അറിയിച്ചു.
വെള്ളിയാഴ്ചത്തെ നിയന്ത്രണത്തെ തുടർന്ന് 8,500ലേറെ വിമാനങ്ങൾ വൈകുകയും ഏകദേശം 8,000 സർവീസുകൾ റദ്ദാക്കുകയും ചെയ്തതായാണ് ഫ്ലൈറ്റ് അവെയർ കണക്കുകൾ. നിയന്ത്രണം പ്രഖ്യാപിക്കുമ്പോൾ 3,500ലേറെ വിമാനങ്ങൾ ആകാശത്തുണ്ടായിരുന്നു. ചില വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടപ്പോൾ ചിലത് യാത്ര തുടർന്നു. യുഎസ് സമയം രാത്രി 8.15ഓടെ വ്യോമപാതകൾ വീണ്ടും തുറന്നു.
യുഎസിലേക്കുള്ള വിമാനസർവീസുകൾ യൂറോകൺട്രോൾ അംഗരാജ്യങ്ങളിൽനിന്നും താൽക്കാലികമായി നിർത്തിവച്ചു. ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള ചില സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നുള്ള യുഎസ് സർവീസുകളും കാനഡയ്ക്കും യുഎസിനുമിടയിലെ ചില വിമാനങ്ങളും തടസ്സപ്പെട്ടു.
വിമാനസർവീസുകൾ പുനരാരംഭിച്ചെങ്കിലും പ്രത്യാഘാതം ശനിയാഴ്ചയും തുടർന്നു. യുഎസിൽ അന്ന് 5,900ലേറെ വിമാനങ്ങൾ റദ്ദാക്കുകയും 7,000ത്തിലധികം സർവീസുകൾ വൈകുകയും ചെയ്തു. ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് എന്നിവ 20 ശതമാനം സർവീസുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസ് 520 സർവീസുകളും ജെറ്റ്ബ്ലൂ 40 ശതമാനം സർവീസുകളും റദ്ദാക്കി.
വിമാനഗതാഗത നിയന്ത്രണ സംവിധാനത്തിലെ തകരാർ വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ളതിനാൽ സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. എന്നാൽ യുഎസിൽ വിമാനം റദ്ദാക്കുകയോ ആഭ്യന്തര സർവീസ് മൂന്ന് മണിക്കൂറിലധികവും രാജ്യാന്തര സർവീസ് ആറു മണിക്കൂറിലധികവും വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് മറ്റൊരു യാത്രാസൗകര്യമോ ടിക്കറ്റ് തുകയുടെ പൂർണമായ റീഫണ്ടോ ലഭിക്കാൻ അർഹതയുണ്ട്.
ബ്രിട്ടനിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം, താമസം, ആശയവിനിമയ സൗകര്യം, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം എന്നിവയ്ക്കും അർഹതയുണ്ട്. സെപ്റ്റംബർ 11 ആക്രമണങ്ങൾക്കുശേഷം യുഎസിൽ ഉണ്ടായ രണ്ടാമത്തെ രാജ്യവ്യാപക വിമാനനിയന്ത്രണമാണിത്. 2023 ജനുവരിയിലും നോട്ടീസ് ടു എയർ മിഷൻസ് (നോട്ടാം) സംവിധാനത്തിലെ തകരാറിനെ തുടർന്ന് വിമാനങ്ങൾ നിലത്തിറക്കിയിരുന്നു. അന്ന് 1 മണിക്കൂർ 52 മിനിറ്റ് നീണ്ട തടസ്സത്തിൽ ഏകദേശം 9,500 വിമാനങ്ങൾ വൈകുകയും 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
How telecoms upgrade work sparked US flight chaos














