കാലിഫോർണിയയിലെ ഒന്റാറിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗിനുള്ളിൽ ജീവനുള്ള രണ്ട് പാമ്പുകളെ കണ്ടെത്തി. ഒക്ടോബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) പുറത്തുവിട്ടു.പതിവ് പരിശോധനയ്ക്കിടെയാണ് ബാഗിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. എക്സ്റേ പരിശോധനയിൽ കയറുപോലെ തോന്നിയ വസ്തു പിന്നീട് തലയിണ ഉറയ്ക്കുള്ളിൽ ഒളിപ്പിച്ച രണ്ട് ജീവനുള്ള പാമ്പുകളാണെന്ന് വ്യക്തമായി.
പാമ്പുകളാണെന്ന് തിരിച്ചറിഞ്ഞ ഉടൻ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ടിഎസ്എ ഉദ്യോഗസ്ഥൻ ബെഞ്ചമിൻ ആൻഡ്രേഡ് കാരില്ലോ പറഞ്ഞു. സൂപ്പർവൈസർ സുഗ്ഗി ഫ്ലോറസ് നടത്തിയ പരിശോധനയിൽ തലയിണ ഉറയ്ക്കുള്ളിൽ ചലനം അനുഭവപ്പെട്ടു. പാമ്പുകളെ മുമ്പ് കൈകാര്യം ചെയ്തിട്ടുള്ളതിനാൽ പരിഭ്രമമുണ്ടായില്ലെന്നും എന്നാൽ ഇത്തരമൊരു സംഭവം അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.
പാമ്പുകൾ ഏതുതരത്തിലുള്ളവയാണെന്ന് വ്യക്തമല്ലാത്തതിനാൽ വിഷമുള്ളവയായിരിക്കാമെന്ന ആശങ്കയിൽ പ്രദേശത്തെ സുരക്ഷാ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് വിമാനത്താവള പൊലീസ് ബാഗ് ഏറ്റെടുത്തു. യാത്രക്കാരൻ പാമ്പുകളെ പുറത്തെടുത്ത് യാത്ര ചെയ്യാനെത്താത്ത കുടുംബാംഗത്തിന് കൈമാറിയതായി ടിഎസ്എ അറിയിച്ചു.
തുടർന്ന് ബാഗ് വീണ്ടും പരിശോധിച്ചശേഷം യാത്രക്കാരന് യാത്രാനുമതി നൽകി. പാമ്പുകൾ വളർത്തുമൃഗങ്ങളാണെന്നും മറ്റൊരു വിമാനക്കമ്പനിയുടെ വിമാനത്തിൽ മുമ്പും ഇവയുമായി യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാൾ അധികൃതരോട് പറഞ്ഞു. വളർത്തുമൃഗങ്ങളുമായി വിമാനയാത്ര നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുടെ ചട്ടങ്ങളും നിബന്ധനകളും പരിശോധിക്കണമെന്ന് ടിഎസ്എ യാത്രക്കാർക്ക് നിർദേശം നൽകി.
TSA officers discovered two live snakes—including a rattlesnake—concealed inside a pillowcase within a checked bag at Ontario International Airport











