തുടങ്ങിയിടത്ത് തന്നെ മടങ്ങി: സ്റ്റാർഷിപ്പ് പേടകത്തെ വിക്ഷേപണ ടവറിന്റെ യാന്ത്രിക കൈകൾ ആകാശത്തു നിന്നു പിടിച്ചു, താഴെയിറക്കി

അനിൽ മറ്റത്തിക്കുന്നേൽ

ടെക്‌സസ്: ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് തിരിച്ചെത്തിയ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തെ വിക്ഷേപണ ടവറിന്റെ യാന്ത്രിക കൈകളാൽ സ്‌പേസ്‌എക്‌സ് വായുവിൽവെച്ച് പിടിച്ചെടുത്തു. നവംബർ 14 ശനിയാഴ്ച ഷിക്കാഗോ സമയം വൈകിട്ട് ഏകദേശം 3:20-ന് ടെക്‌സസിലെ സ്റ്റാർബേസിലായിരുന്നു ഈ ചരിത്ര നേട്ടം.

സ്റ്റാർഷിപ്പിന്റെ 15-ാം പരീക്ഷണപ്പറക്കലിൽ വെള്ളിയാഴ്ച വിക്ഷേപിച്ച ‘ഷിപ്പ് 42’ ഭൂമിയെ 14 തവണ വലംവെക്കുകയും 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിക്കുകയും ചെയ്തു. വിക്ഷേപണത്തിന് ഏകദേശം 22½ മണിക്കൂറിനുശേഷം തിരിച്ചെത്തിയ പേടകം എൻജിനുകൾ ജ്വലിപ്പിച്ച് വേഗം കുറച്ചു. ലംബമായി താഴ്ന്നിറങ്ങിയ പേടകത്തെ ടവറിലെ ‘ചോപ്‌സ്റ്റിക്സ്’ എന്നറിയപ്പെടുന്ന യാന്ത്രിക കൈകൾ പിടിച്ചെടുത്തു.

അതേസമയം, റോക്കറ്റിന്റെ ആദ്യഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ 22-നെ പിടിച്ചെടുക്കാനായില്ല. സ്‌പേസ്‌എക്‌സിന്റെ പ്രാഥമിക വിലയിരുത്തലനുസരിച്ച്, ഇന്ധനത്തിന്റെ അളവ് കുറവാണെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ബൂസ്റ്ററിനെ തിരിച്ചുകൊണ്ടുവരാനുള്ള എൻജിൻ ജ്വലനം നേരത്തേ അവസാനിച്ചു. ടവറിന് സുരക്ഷിതമായി പിടിച്ചെടുക്കാൻ കഴിയുന്ന സ്ഥാനത്തല്ല ബൂസ്റ്ററെന്ന് ഗൈഡൻസ് സംവിധാനം തിരിച്ചറിഞ്ഞതോടെ മടക്കം സ്വയം റദ്ദാക്കി. ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിലേക്ക് വഴിതിരിഞ്ഞു. മുന്നറിയിപ്പിന്റെ മൂലകാരണം കമ്പനി അന്വേഷിക്കുകയാണ്.

രണ്ട് ഘട്ടങ്ങളെയും ഒരേ ദൗത്യത്തിൽ വീണ്ടെടുക്കുക എന്ന ലക്ഷ്യം കൈവരിച്ചില്ലെങ്കിലും, ഭ്രമണപഥത്തിൽനിന്ന് മടങ്ങിയ പേടകത്തെ വിക്ഷേപിച്ച അതേ ടവറിൽ പിടിച്ചെടുത്തത് പൂർണമായി പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലെ പ്രധാന മുന്നേറ്റമാണ്.

The arms of the launch pad caught the Starship spacecraft from the sky