ട്രെയിന്‍ 13 മണിക്കൂര്‍ വൈകി; യാത്രക്കാരന്റെ പരാതിയില്‍ റെയില്‍വേ 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: ട്രെയിന്‍ 13 മണിക്കൂര്‍ വൈകിയത് മൂലം യാത്ര മാറ്റി വെക്കേണ്ടി വന്നതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ആണ് മുന്നറിയിപ്പില്ലാതെ 13 മണിക്കൂര്‍ വൈകിയത്. ഇതുമൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു.

ബോഷ് ഇന്ത്യ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹനാണ് റെയില്‍വേക്കെതിരെ പരാതി നല്‍കിയത്. ചെന്നൈയില്‍ കമ്പനിയുടെ ഉന്നതല യോഗത്തില്‍ പങ്കെടുക്കാനായാണ് താന്‍ ആലപ്പുഴ – ചെന്നൈ എക്സ്പ്രസില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെന്നും എന്നാല്‍ യാത്രയ്ക്കായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകുമെന്ന കാര്യം അറിഞ്ഞതെന്നും പരാതിയില്‍ കാര്‍ത്തിക് മോഹന്‍ പറയുന്നു.

മുന്നറിയിപ്പില്ലാതെ ട്രെയിന്‍ ഇത്രയധികം മണിക്കൂറുകള്‍ വൈകിയതിനെത്തുടര്‍ന്ന് തനിക്ക് യാത്ര മാറ്റി വെക്കേണ്ടി വന്നുവെന്നും സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കാര്‍ത്തിക് പരാതി നല്‍കിയത്. റെയില്‍വേയുടെ നിരുത്തരവാദിത്തപരമായ ഈ പ്രവൃത്തി കാരണം നീറ്റ് പരീക്ഷ എഴുതാന്‍ തയ്യാറായിവന്ന വിദ്യാര്‍ഥികളടക്കം ഒട്ടനവധി യാത്രക്കാര്‍ ദുരിതത്തിലായെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

അതേസമയം യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്നുമാണ് റെയില്‍വേ വാദിച്ചത്. എന്നാല്‍ ഈ വാദം കമ്മിഷന്‍ തള്ളി. ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് യാര്‍ഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവരം നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വേ തയ്യാറായില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

യാതൊരു ന്യായീകരണവും ഇല്ലാതെ ട്രെയിന്‍ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണം എന്നും കമ്മീഷന്‍ വിലയിരുത്തി. സേവനത്തില്‍ വീഴ്ചവരുത്തിയ സതേണ്‍ റെയില്‍വേ, അന്‍പതിനായിരം രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കി.

More Stories from this section

family-dental
witywide