അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; പരിഹസിച്ചു സംസാരിച്ച പോലീസ് ഓഫീസര്‍ക്കെതിരെ നടപടി

വാഷിങ്ടന്‍: അമേരിക്കയില്‍ പോലീസ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പരിഹാസത്തോടെ സംസാരിച്ച പോലീസ് ഓഫീസര്‍ക്കെതിരെ നടപടി. ഓഫിസറെ പട്രോളിങ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. സിയാറ്റില്‍ പൊലീസ് ഓഫിസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയല്‍ ഓഡറര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജനുവരി 23നാണ് അമിത വേഗതയില്‍ വന്ന പോലീസ് വാഹനമിടിച്ച് ജാഹ്നവി കണ്ടുല എന്ന 23കാരി മരണപ്പെട്ടത്. നോര്‍ത്തീസ്‌റ്റേണ്‍ സര്‍വ്വകലാശാലയുടെ സിയാറ്റില്‍ ക്യാംപസില്‍ ബിരുദാനന്ദര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജാഹ്നവി.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പോലീസ് ഇടപെട്ട രീതി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ തമാശ പറഞ്ഞ് ചിരിക്കുന്ന യുഎസ് ട്രാഫിക് പോലീസ് ഓഫീസറുടെ വിവാദ വീഡിയോ പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് അന്വേഷണമാരംഭിച്ചിരുന്നു. കെവിന്‍ ഡേവ് എന്ന പോലീസ് ഓഫീസര്‍ ഓടിച്ച പട്രോളിംഗ് വാഹനമിടിച്ചാണ് യുവതി മരിച്ചത്. കെവിന്‍ ഡേവിന്റെ സഹപ്രവര്‍ത്തകനായ ഡാനിയല്‍ ഓഡറാണ് മരണം സംബന്ധിച്ച് പരിഹസിച്ച് സംസാരിച്ചത്. ഇയാളുടെ തന്നെ ബോഡിക്യാമറയില്‍ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്.

‘അവള്‍ ചത്തു എന്നും സാധാരണക്കാരിയാണ്, നിങ്ങളൊരു 11000 ഡോളറിന്റെ ചെക്ക് എഴുതിയേക്ക് അത്ര മൂല്യമേയുള്ളൂ’ എന്നുമാണ് വീഡിയയില്‍ ഇയാള്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചും വിശദ അന്വേഷണം ആവശ്യപ്പെട്ടും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും യുഎസിലെ ഇന്ത്യന്‍ സമൂഹവും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

More Stories from this section

family-dental
witywide