ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി; വിദേശ വിദ്യാർഥികളുടെ വിസ നിയന്ത്രണം തടഞ്ഞ് കോടതി

വിദേശ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും അമേരിക്കയിൽ തുടരാവുന്ന കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിന് തിരിച്ചടി. പുതിയ വിസ ചട്ടം നടപ്പാക്കുന്നത് ബോസ്റ്റണിലെ ഫെഡറൽ കോടതി തടഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (DHS) ചട്ടം നടപ്പാക്കാനിരിക്കെ ഒരു ദിവസം മുൻപാണ് യുഎസ് ജില്ലാ ജഡ്ജി എഫ്. ഡെന്നിസ് സെയ്‌ലർ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ചട്ടം നിലവിൽ വന്നിരുന്നെങ്കിൽ പതിറ്റാണ്ടുകളായി തുടരുന്ന ‘duration of status’ സംവിധാനം അവസാനിക്കുമായിരുന്നു. ഇതുവഴി പല വിദേശ വിദ്യാർഥികൾക്കും പഠന പരിപാടി പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാനുള്ള നിലവിലെ സൗകര്യം നഷ്ടപ്പെടുമായിരുന്നു.

ചട്ടത്തിനെതിരെ നിയമനടപടി സ്വീകരിച്ച തൊഴിലാളി യൂണിയനുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘടനകളും ഉൾപ്പെട്ട കൂട്ടായ്മയ്ക്ക് അനുകൂലമായാണ് കോടതി വിധി. വിസ തട്ടിപ്പ് തടയാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും പുതിയ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന DHSന്റെ വാദം ജഡ്ജി തള്ളി. ചട്ടം കൊണ്ടുവരാനുള്ള സർക്കാരിന്റെ കാരണങ്ങൾ “വളരെ ദുർബലമാണ്” എന്നും അദ്ദേഹം വിലയിരുത്തി. പുതിയ ചട്ടപ്രകാരം രാജ്യാന്തര വിദ്യാർഥികളുടെ F വിസയും സാംസ്കാരിക വിനിമയ പരിപാടികളിലെത്തുന്നവരുടെ J വിസയും പരമാവധി നാല് വർഷമായി പരിമിതപ്പെടുത്താനായിരുന്നു നിർദേശം. വിദേശ മാധ്യമപ്രവർത്തകരുടെ I വിസയുടെ കാലാവധിയും 240 ദിവസമായി ചുരുക്കാനായിരുന്നു നീക്കം.

പഠന പരിപാടി മാറ്റുന്നതിനും ഒരു സർവകലാശാലയിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനും വിദ്യാർഥികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമായിരുന്നു. ബിരുദം നേടിയ ശേഷമോ മറ്റൊരു വിസ വിഭാഗത്തിലേക്ക് മാറിയ ശേഷമോ അമേരിക്ക വിടാൻ ലഭിക്കുന്ന ഗ്രേസ് പിരീഡ് 60 ദിവസത്തിൽനിന്ന് 30 ദിവസമായി കുറയ്ക്കാനും ചട്ടത്തിൽ നിർദേശിച്ചിരുന്നു. വിദ്യാർഥി വിസ സംവിധാനം ദുരുപയോഗം ചെയ്ത് തുടർച്ചയായി വിവിധ കോഴ്‌സുകളിൽ ചേർന്ന് വർഷങ്ങളോളം അമേരിക്കയിൽ തുടരുന്നത് തടയാനാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

എന്നാൽ കോടതി വിധിയെ DHS ജനറൽ കൗൺസൽ ജെയിംസ് പെർസിവൽ വിമർശിച്ചു. പുതിയ ഉത്തരവ് അമേരിക്കയുടെ കുടിയേറ്റ സംവിധാനത്തിലെ വ്യാപകമായ ദുരുപയോഗം തുടരാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥി വിസയിൽ എത്തി ഓരോ സെമസ്റ്ററിലും ഒരു ക്ലാസ് മാത്രം എടുത്ത് പതിറ്റാണ്ടുകളോളം അമേരിക്കയിൽ തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ചട്ടം ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഏകദേശം അഞ്ച് പതിറ്റാണ്ടായി തുടരുന്ന സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന് ജഡ്ജി സെയ്‌ലർ പറഞ്ഞു.

നിലവിലെ സംവിധാനം വഴി കോടിക്കണക്കിന് വിദേശ വിദ്യാർഥികൾക്കും ഗവേഷകർക്കും അമേരിക്കയിൽ പഠിക്കാനും ഗവേഷണം നടത്താനും അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നിർണായക ഗവേഷണങ്ങൾക്കും വലിയ സാമ്പത്തിക വളർച്ചയ്ക്കും നിലവിലെ സംവിധാനം സഹായിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

പുതിയ ചട്ടം നടപ്പാക്കിയിരുന്നെങ്കിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), ഹാർവഡ് തുടങ്ങിയ പ്രമുഖ ഗവേഷണ സർവകലാശാലകൾക്ക് നൂറുകണക്കിന് മില്യൺ ഡോളറിന്റെ അധിക ചെലവും വിദ്യാർഥി പ്രവേശനത്തിലെ ഇടിവും നേരിടേണ്ടിവരുമായിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ ചട്ടം വരുത്തുന്ന പ്രത്യാഘാതം വിനാശകരമായേക്കാം എന്നും ജഡ്ജി സെയ്‌ലർ വ്യക്തമാക്കി.

Trump faces fresh setback as judge blocks stricter foreign student visa rule

More Stories from this section

family-dental
witywide