ബഹിരാകാശത്തും യുഎസ് ആയുധങ്ങൾ സജ്ജമാക്കിയിട്ടുണ്ട്; സ്ഥിരീകരിച്ച് വ്യോമസേനാ സെക്രട്ടറി

ഭൂമിയുടെ ഭ്രമണപഥത്തിൽ യുഎസ് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് വ്യോമസേനാ സെക്രട്ടറി ട്രോയ് മീങ്ക്. പതിറ്റാണ്ടുകളായി ബഹിരാകാശത്തെ ആയുധവൽക്കരണത്തെക്കുറിച്ച് ചർച്ചകൾ തുടരുന്നതിനിടെയാണ് യുഎസ് ആദ്യമായി ഇക്കാര്യം പരസ്യമായി അംഗീകരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽനിന്ന് യുഎസ് സൈന്യത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് മീങ്ക് പറഞ്ഞു.

എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ചൈനയ്ക്കും റഷ്യയ്ക്കുമുള്ള മുന്നറിയിപ്പായാണ് പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഈ ആയുധങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കൊപ്പം ആക്രമണാത്മകമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുമെന്ന് യുഎസ് സ്പേസ് ഫോഴ്‌സ് വക്താവ് വ്യക്തമാക്കി. റഷ്യയും ചൈനയും ബഹിരാകാശത്ത് ആയുധങ്ങൾ പരീക്ഷിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് 2007 മുതൽ യുഎസ് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശം ഇനി യുദ്ധമേഖലയല്ലെന്ന് പറയാനാകില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

സൈനികർക്ക് ജിപിഎസ്, ആശയവിനിമയം, രഹസ്യാന്വേഷണം, ലക്ഷ്യനിർണയം തുടങ്ങിയ നിർണായക വിവരങ്ങൾ നൽകുന്ന ഉപഗ്രഹങ്ങളെ ശത്രുരാജ്യങ്ങൾ പ്രവർത്തനരഹിതമാക്കുകയോ നശിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം ആക്രമണങ്ങൾ ആഗോള ആശയവിനിമയ സംവിധാനങ്ങളെയും സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ മറ്റ് സംവിധാനങ്ങളെയും ബാധിച്ചേക്കാം. എന്നാൽ യുഎസ് ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ആയുധങ്ങൾ ഏതുതരത്തിലുള്ളതാണെന്നും അവ എത്രകാലമായി അവിടെ നിലയുറപ്പിച്ചിട്ടുണ്ടെന്നും വ്യക്തമല്ല.

ബഹിരാകാശ ആയുധങ്ങളിൽ സൈബർ ആയുധങ്ങളും ലേസർ സംവിധാനങ്ങളും ഉൾപ്പെടാം. മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് അവയെ തകർക്കാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹങ്ങളും ഇതിന്റെ ഭാഗമാകാം. ബഹിരാകാശത്ത് നേരിട്ടുള്ള സൈനിക സംഘർഷമുണ്ടായാൽ ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾക്കും സാധ്യതയുണ്ട്. നശിപ്പിക്കപ്പെടുന്ന ഉപഗ്രഹങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾ അതിവേഗത്തിൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുകയും മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത് ബഹിരാകാശ വാഹനങ്ങളുടെ സുരക്ഷിത വിക്ഷേപണത്തിനും പ്രവർത്തനത്തിനും വലിയ വെല്ലുവിളിയാകാം.

Air Force secretary acknowledges the US has weapons in space

More Stories from this section

family-dental
witywide