ഇറാനുമായുള്ള യുദ്ധത്തിനിടെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലുള്ള യുഎസ് സൈനിക താവളങ്ങൾക്കും നയതന്ത്ര കേന്ദ്രങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായതായി പെന്റഗൺ വാച്ച്‌ഡോഗിന്റെ റിപ്പോർട്ട്. ഇറാൻ ആക്രമണത്തെ തുടർന്ന് യുഎസ് സൈനിക സംവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും നേരിട്ട നാശനഷ്ടങ്ങളുടെ ആദ്യ ഔദ്യോഗിക കണക്കെടുപ്പാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
ഫെബ്രുവരി 28 മുതൽ ജൂൺ 30 വരെയുള്ള കാലയളവ് ഉൾപ്പെടുത്തി പ്രതിരോധ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട് പ്രകാരം കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നീ എട്ട് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങൾക്കും മറ്റ് നിർമാണങ്ങൾക്കും ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിക്കുകയോ പൂർണമായും തകരുകയോ ചെയ്തു. ഇറാനും അതിന്റെ പിന്തുണയുള്ള സായുധസംഘങ്ങളും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതോടെ സൈനികരെ, ആയുധ-ഉപകരണങ്ങൾ, സംഭരണ സൗകര്യങ്ങൾ എന്നിവ മാറ്റിപ്പാർപ്പിക്കേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ ഭാഗമായി ഇറാഖിലും കുവൈത്തിലും വിന്യസിച്ചിരുന്ന സൈന്യത്തിന്റെ മെഡിക്കൽ ഒഴിപ്പിക്കൽ ഹെലികോപ്റ്ററുകൾ പിൻവലിച്ചു. തുടർന്ന് പരിക്കേറ്റവരെയും രോഗികളെയും കൂടുതലായും കരമാർഗം പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ പ്രാദേശിക കേന്ദ്രത്തിനുണ്ടായ നാശനഷ്ടം ആവശ്യമായ നാവിക താവളങ്ങളും പിന്തുണാ തുറമുഖങ്ങളും ഒരുക്കുന്നതിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ കേന്ദ്രം ഇറാൻ “പൂർണമായി തകർത്തുകളഞ്ഞു” എന്നായിരുന്നു ആക്ടിങ് നേവി സെക്രട്ടറി ഹംഗ് കാവോയുടെ അടുത്തിടെയുള്ള പ്രതികരണം.
നാശനഷ്ടത്തെ തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയഗോ ഗാർഷ്യ ദ്വീപ് കടൽമാർഗമുള്ള സൈനിക വിതരണ കേന്ദ്രമായി ഉപയോഗിക്കേണ്ടിവന്നു. ഇതോടെ യുഎസ് സൈന്യത്തിന്റെ പുനർവിതരണ ചക്രം 14 മുതൽ 18 ദിവസം വരെ നീണ്ടതായി റിപ്പോർട്ടിൽ പറയുന്നു. യുദ്ധകാലത്ത് പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിരുന്ന യുഎസ് സൈനികർക്ക് ആവശ്യമായ സാധനങ്ങളുടെ ഇടയ്ക്കിടെയുള്ള ക്ഷാമവും പ്രാദേശിക സൈനിക തപാൽ സംവിധാനത്തിലുണ്ടായ തടസ്സങ്ങളും പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കി.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. ഇതിന് മറുപടിയായി ഇറാൻ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര സ്ഥാപനങ്ങൾക്കും നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെയും ഇൻസ്പെക്ടർ ജനറൽ ഓഫീസുകളുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യയിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങൾക്ക് ഇറാൻ ആക്രമണങ്ങളിൽ ഏകദേശം 18.4 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായി. എന്നാൽ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
മാർച്ച് ആദ്യത്തിൽ റിയാദിലെ യുഎസ് എംബസി വളപ്പിൽ രണ്ട് ഇറാനിയൻ ഡ്രോണുകൾ പതിച്ചതിനെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. സിഐഎയുടെ ഒരു കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചു. ദുബായിലെ യുഎസ് കോൺസുലേറ്റിനെയും ഒരു ഡ്രോൺ ലക്ഷ്യമിട്ടെങ്കിലും യൂട്ടിലിറ്റി കെട്ടിടത്തിനാണ് കേടുപാടുണ്ടായത്. ചാൻസറി കെട്ടിടത്തിന് സമീപമുള്ള പാർക്കിങ് സ്ഥലത്താണ് ഡ്രോൺ പതിച്ചതെന്ന് അന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. ഇറാനിയൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ യുഎസ് എംബസി മാർച്ചിൽ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ജൂൺ അവസാനത്തോടെ അടിയന്തര പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
ഇറാഖിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരെ 600ലധികം ആക്രമണങ്ങൾ നടന്നതായി മേയിൽ ഒരു മുതിർന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഈ ആക്രമണങ്ങളിൽ ഏകദേശം 15.7 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 23 മുതൽ ജൂൺ 30 വരെ 3,500ഓളം നയതന്ത്ര ഉദ്യോഗസ്ഥർ മേഖലയ്ക്ക് പുറത്തായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഭൂരിഭാഗം യുഎസ് നയതന്ത്ര കേന്ദ്രങ്ങളും അധികൃതരുടെ നിർദേശപ്രകാരമുള്ള നിയന്ത്രിത പ്രവർത്തനത്തിലായിരുന്നു.ബഹ്റൈൻ, ഇറാഖ്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് അടിയന്തര സേവനങ്ങളിൽ ഉൾപ്പെടാത്ത ജീവനക്കാരും കുടുംബാംഗങ്ങളും പ്രദേശം വിടേണ്ടിവന്നു.
ഭൂരിഭാഗം നയതന്ത്ര കേന്ദ്രങ്ങളും ഇപ്പോഴും നിയന്ത്രിത പ്രവർത്തനത്തിലാണ്. ചില നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മേഖലയിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. യുദ്ധം അവസാനിച്ചതിന് ശേഷം പശ്ചിമേഷ്യയിലെ യുഎസ് സൈനികരുടെ എണ്ണത്തിലും സൈനിക-നയതന്ത്ര സൗകര്യങ്ങളിലും വരുത്തിയ കുറവുകൾ സ്ഥിരമാക്കണമോ എന്നത് യുഎസ് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
Iran strikes damaged US bases, embassies across 8 countries: Pentagon watchdog













