യുഎൻ പ്രമേയം വീറ്റോ ചെയ്ത സംഭവം: അമേരിക്കയ്ക്ക് എതിരെ ലോകം

ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ രക്ഷാ സമിതിയിലെ പ്രമേയം വീറ്റോ ചെയ്‌ത അമേരിക്കൻ നടപടിയെ വിമർശിച്ച്‌ ലോക രാജ്യങ്ങളും സംഘടനകളും.

കൂട്ടക്കൊല ചെയ്യാനും നശിപ്പിക്കാനും കുടിയിറക്കാനും ഇസ്രയേലിന്‌ നൽകിയ മറ്റൊരു ‘ബ്ലാങ്ക് ചെക്ക്’ ആണ്‌ അമേരിക്കൻ നടപടിയെന്ന് പലസ്‌തീൻ അതോറിറ്റി പ്രധാനമന്ത്രി മൊഹമ്മദ്‌ ശ്‌തയ്യെ പറഞ്ഞു.

യുദ്ധത്തിൽ കഷ്‌ടപ്പെടുന്ന സാധാരണക്കാരെ അവഗണിക്കുകയാണെന്ന്‌ ആംനെസ്റ്റി ഇന്റർനാഷണലും അമേരിക്ക മനുഷ്യരാശിക്കെതിരായാണ്‌ വോട്ട്‌ ചെയ്‌തതെന്ന്‌ ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോഡറും പ്രതികരിച്ചു. യുഎഇ, ഇറാൻ, ചൈന, റഷ്യ, ഫ്രാൻസ്‌, തുർക്കിയ, ന്യൂസിലൻഡ്‌ തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ നടപടിയെ അപലപിച്ചു.

അമേരിക്കയുടെ നിലപാടിനെ അപലപിച്ച തുർക്കി പ്രസിഡന്റ് എർദോഗാൻ, അമേരിക്കയ്ക്കൊപ്പം ഒരു നല്ല ലോകം സാധ്യമല്ലെന്നും പറഞ്ഞു. അമേരിക്കയുടെ നിലപാട് നീതിനിഷേധമാണെന്നും യു എന്നിന്റെ ഘടന പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎഇ വെള്ളിയാഴ്ചയായിരുന്നു യു എന്നിൽ പ്രമേയം അവതരിപ്പിച്ചത്.

”അമേരിക്കയ്ക്കൊപ്പം ഒരു നല്ല ലോകം സാധ്യമല്ല. കാരണം അവർ ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ പാശ്ചാത്യരുടെ നിലപാട്‌ മൃഗീയമാണ്” – തുര്‍ക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞു.

പ്രമേയത്തിൽ വോട്ട് ചെയ്യാതെ വിട്ടുനിന്ന യുകെയുടെ തീരുമാനത്തിനെതിരെയും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. നിർണായകമായ വോട്ടെടുപ്പിൽനിന്ന് മാറിനിന്നത് മനസിലാക്കാൻ കഴിയാത്തതാണെന്ന് സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു.

തെക്കൻ മേഖലകളിലും ആക്രമണം തുടരുന്ന ഇസ്രയേൽ, ഖാൻ യൂനുസിൽ നടത്തുന്ന ബോംബാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഖാൻ യൂനുസിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിൽ ഗാസയിൽ വെടിനിർത്തൽ കരാർ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

World reacts against US on Veto the Gaza Truce

More Stories from this section

family-dental
witywide