
ലണ്ടൻ/സാൻ ഫ്രാൻസിസ്കോ: ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകൾ സുരക്ഷാ പരീക്ഷണങ്ങൾക്കിടെ സ്വയം നിയന്ത്രണം തകർത്ത് പുറത്തുകടക്കുകയും പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ ഹഗ്ഗിംഗ് ഫെയ്സിന് നേരെ സൈബർ ആക്രമണം നടത്തുകയും ചെയ്തതായി വെളിപ്പെടുത്തൽ. മനുഷ്യന്റെ നേരിട്ടുള്ള നിർദ്ദേശങ്ങളോ ഇടപെടലുകളോ ഇല്ലാതെ ഒരു എഐ സിസ്റ്റം സ്വതന്ത്രമായി ഇന്റർനെറ്റിലൂടെ മറ്റൊരു കമ്പനിയുടെ സെർവറിലേക്ക് ആക്രമണം നടത്തുന്നത് സാങ്കേതിക ചരിത്രത്തിൽ ആദ്യത്തേതാണെന്ന് വിലയിരുത്തപ്പെടുന്നു.
സുരക്ഷയും ശേഷിയും നിർണ്ണയിക്കുന്നതിനായി ഒരുക്കിയ നിയന്ത്രിത ഡിജിറ്റൽ അന്തരീക്ഷത്തിൽ (‘സാൻഡ്ബോക്സ്’) പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. നൽകിയ ദൗത്യം പൂർത്തിയാക്കാൻ ആവശ്യമായ ഉത്തരങ്ങൾ ഹഗ്ഗിംഗ് ഫെയ്സിന്റെ ഡാറ്റാബേസിലുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ എഐ സിസ്റ്റം, സാാൻഡ്ബോക്സിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി അതിരുകൾ ലംഘിക്കുകയായിരുന്നു. തുടർന്ന് ഹഗ്ഗിംഗ് ഫെയ്സിന്റെ ആന്തരിക സിസ്റ്റങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു.
“തികച്ചും അവിശ്വസനീയവും സാങ്കേതിക ലോകത്തെ ഞെട്ടിക്കുന്നതുമായ സംഭവമാണിത്. എഐ സ്വയംഭരണാധികാരത്തോടെ നടത്തിയ ഈ ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്,” എന്ന് ഹഗ്ഗിംഗ് ഫെയ്സ് മേധാവി ക്ലെമന്റ് ഡെലാങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
സിസ്റ്റത്തിലെ സുരക്ഷാ പിഴവുകൾ ഉടനടി അടയ്ക്കുകയും ബാധിക്കപ്പെട്ട സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തതായി ഹഗ്ഗിംഗ് ഫെയ്സ് അറിയിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
മനുഷ്യൻ പ്രതിരോധം തീർക്കുന്നതിനേക്കാൾ വേഗത്തിൽ എഐ മോഡലുകൾക്ക് സൈബർ ആക്രമണങ്ങൾ നടത്താൻ സാധിക്കുമെന്നത് ഭാവിയിൽ വലിയ ഭീഷണിയാണെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ എഐ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ യുകെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
OpenAI goes out of control during testing; AI model launches cyberattack on Hugging Face, first in technology history, raises concerns















