
ടെഹ്റാൻ: ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രമെന്ന് സംശയിക്കുന്ന ‘പിക്ക്ആക്സ് പർവ്വതം’ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഇറാൻ രംഗത്തെത്തി. തങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ അമേരിക്ക വ്യാജ കാരണം കണ്ടെത്തുകയാണെന്ന് ഇറാൻ ആരോപിച്ചു. കൊലാങ് കുഹ് മേഖലയിൽ യാതൊരുവിധ ആണവ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും, വാഷിംഗ്ടൺ ഈ പ്രദേശത്തിൽ അനാവശ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വൻ നശീകരണത്തിനും അക്രമത്തിനുമുള്ള തന്ത്രമാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി എക്സിൽ കുറിച്ചു.
രാജ്യത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രമാണ് പിക്ക്ആക്സ് പർവ്വതം. മുൻപ് അമേരിക്കയും ഇസ്രായേലും ബോംബെറിഞ്ഞ് തകർത്ത നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് തൊട്ടടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വലിയൊരു മലനിരയ്ക്ക് താഴെ കുറഞ്ഞത് 100 മീറ്റർ (328 അടി) എങ്കിലും ആഴത്തിലാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഏതൊരു കരസേനാ നീക്കത്തിനും ഈ പ്രദേശം വൻ വെല്ലുവിളിയാണ്.
വളരെ പെട്ടെന്നുതന്നെ പിക്ക്ആക്സ് പർവ്വതത്തിന് നേരെ യുഎസ് ആക്രമണമുണ്ടാകുമെന്നും, അത് തടയാൻ ഇറാനിലെ ഭരണകൂടത്തിന് കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യ ഭീഷണിക്കെതിരെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) മേധാവി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ചോദ്യം ചെയ്തു.















