
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ജൂലൈ ആറ് മുതൽ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ആക്രമണങ്ങളിൽ അറുന്നൂറോളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രധാന തർക്കവിഷയമായി മാറിയ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച നിരവധി വാണിജ്യ കപ്പലുകൾക്ക് നേരെ ടെഹ്റാൻ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഈ മാസമാദ്യം അമേരിക്ക ഇറാനെതിരെയുള്ള ആക്രമണങ്ങൾ കടുപ്പിച്ചത്.
അതേസമയം, വാരാന്ത്യത്തിൽ മേഖലയിലുടനീളം ഇറാൻ നടത്തിയ തിരിച്ചടികളിൽ കുറഞ്ഞത് മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു. അതിനിടെ, സംഘർഷത്തിനിടെ ഒരു സൈനികനെ കാണാതായതിനെ തുടർന്ന് ജോർദാനിൽ നടത്തിയ തെരച്ചിലിൽ തിരിച്ചറിയാത്ത ഭൗതികശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായും യുഎസ് വ്യക്തമാക്കി.











