
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്ന ഓരോ തവണയും രാജ്യത്തെ ഒരു പാലമോ പവർ പ്ലാന്റോ വീതം ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയത്.
മിസൈലോ റോക്കറ്റോ ഡ്രോണോ മറ്റേതെങ്കിലും ആയുധങ്ങളോ ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ, തലസ്ഥാനമായ ടെഹ്റാനിലുള്ളതോ അതിനടുത്തുള്ളതോ ആയ നിർണായക പാലങ്ങളോ പവർ പ്ലാന്റുകളോ അമേരിക്ക ബോംബെറിഞ്ഞ് തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാൻ സാധ്യതയുള്ള പ്രസ്താവനകളാണ് ട്രംപ് വീണ്ടും നടത്തുന്നതെന്ന ചർച്ചകളും ഇതിനോടകം ഉയർന്നിട്ടുണ്ട്. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ പാലങ്ങളെല്ലാം തകർത്തുകളയുമെന്ന് കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.











