സൗദിയുമായി ചരിത്രപരമായ ആണവ കരാറിൽ ഒപ്പുവെച്ച് അമേരിക്ക; മിഡിൽ ഈസ്റ്റിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ, മിഡിൽ ഈസ്റ്റിൽ പുതിയൊരു ആണവായുധ മത്സരത്തിന് വഴിവെക്കുമെന്ന് വിദഗ്ധർ

വാഷിംഗ്ണ്‍: സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവോർജ്ജ പദ്ധതി വികസിപ്പിക്കാൻ അനുമതി നൽകുന്ന ചരിത്രപ്രധാനമായ ആണവ സഹകരണ കരാറിൽ അമേരിക്ക ഒപ്പുവെച്ചു. മിഡിൽ ഈസ്റ്റ് മേഖലയിൽ തങ്ങളുടെ സാമ്പത്തിക-തന്ത്രപ്രധാന സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം യു.എസ് കമ്പനികൾക്ക് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സ് സാധ്യതകളും സാങ്കേതിക പങ്കാളിത്തവും തുറന്നുനൽകുന്നതുമാണ് ഈ പുതിയ നീക്കം.

കരാറിന്റെ ഔദ്യോഗിക വിവരങ്ങൾ പൂർണ്ണമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള അനുമതി ഇതിലൂടെ ലഭിച്ചേക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യൂറേനിയം കൂടുതൽ അളവിൽ സമ്പുഷ്ടീകരിച്ചാൽ അത് ആണവായുധ നിർമ്മാണത്തിനും ഉപയോഗിക്കാം എന്നതിനാൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. സ്വന്തമായി യൂറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി നൽകിയാൽ, ഒരു വിദേശ രാജ്യത്തിന് യു.എസ് നൽകുന്ന ഇത്തരം ആദ്യത്തെ ഇളവായി ഇത് മാറും. ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന മുൻപത്തെ പ്രധാന നയതന്ത്ര നിബന്ധന ഒഴിവാക്കിക്കൊണ്ടാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ കരാറിന് പച്ചക്കൊടി കാട്ടിയത്.

ആണവ സഹകരണ കരാറിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ ഒരു ഉഭയകക്ഷി സുരക്ഷാ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള അന്താരാഷ്ട്ര ആണവ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ടാണ് ഈ കരാർ തയ്യാറാക്കിയിട്ടുള്ളതെന്നും, അമേരിക്കൻ സാങ്കേതികവിദ്യയ്ക്ക് ലോകവിപണിയിൽ മുൻതൂക്കം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. എന്നാൽ ഈ നീക്കത്തിനെതിരെ അമേരിക്കയ്ക്കുള്ളിലും ആഗോളതലത്തിലും വലിയ ആശങ്കകളും വിമർശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം, സൗദിക്ക് സ്വന്തമായി യൂറേനിയം സമ്പുഷ്ടീകരിക്കാൻ അവസരമൊരുക്കുന്നത് മിഡിൽ ഈസ്റ്റിൽ പുതിയൊരു ആണവായുധ മത്സരത്തിന് വഴിവെക്കുമെന്ന് വിദേശകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാക്കൾ കരാറിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മുൻപ് സൗദിയുടെ ആണവ വ്യാപ്തിയെ എതിർത്തിരുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാട മാറ്റത്തെ സെനറ്റർ എഡ്വേർഡ് മാർക്കി രൂക്ഷമായി വിമർശിക്കുകയും, കരാർ അപകടകരമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. എങ്കിലും, ആണവ വ്യാപനത്തിന് വഴിവെക്കുന്ന തരത്തിലുള്ള യാതൊരു കരാറിലും അമേരിക്ക ഒപ്പുവെക്കില്ലെന്നാണ് മാർക്കോ റൂബിയോയുടെ പ്രതികരണം. ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക സംഘർഷം വൻതോതിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കരാർ പുറത്തുവരുന്നത്. അതിനുപുറമേ, റഷ്യയും ചൈനയും സമാനമായ ആണവ സഹകരണ കരാറുകളുമായി സൗദി അറേബ്യയെ സമീപിക്കാൻ നീക്കം നടത്തുന്നുണ്ടായിരുന്നു. ആ അവസരം മറ്റ് വൻശക്തികൾക്ക് വിട്ടുകൊടുക്കാതിരിക്കാനാണ് അമേരിക്ക വേഗത്തിൽ കരാറിലേക്ക് കടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർണായകമായ ഈ കരാർ വരും ദിവസങ്ങളിൽ യു.എസ് കോൺഗ്രസിന്റെ പരിശോധനയ്ക്കായി സമർപ്പിക്കും.

US signs historic nuclear deal with Saudi Arabia; Experts say new political equations in the Middle East could lead to a new nuclear arms race in the Middle East

More Stories from this section

family-dental
witywide