2024 പിറന്നു: ലോകം മുഴുവൻ ആഘോഷ നിറവിൽ

ഹാപ്പി ന്യൂ ഇയർ. 2024 പിറന്നു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2024 ജനുവരി 1 ആദ്യമെത്തിയത്. ലോകത്ത് ആദ്യമായി പുതു വർഷം പിറക്കുന്ന ഇടം. വലിയ ആഘോഷമായിരുന്നു കിരിബാത്തി ദ്വീപിൽ . തുടർന്ന് പുതുവർഷത്തെ വരവേറ്റത് ന്യൂസിലൻഡ്. ഓക് ലൻഡിൽ വെടിക്കെട്ടു പൂരത്തോടെ ആഘോഷങ്ങൾ പൊടിപൊടിച്ചു. അവിടെ ഏറ്റവും ഉയരമുള്ള സ്കൈടവറായിരുന്നു ആഘോഷ വേദി. പിന്നെ പുതുവർഷത്തെ വരവേറ്റത് ഓസ്ട്രേലിയയിലെ സിഡ്നി നഗരമാണ് അവിടെ പ്രസിദ്ധമായ ഹാബർബ്രിജും ഓപെറാ ഹൌസും ആഘോഷ വേദിയായി. ആയിരക്കണക്കിന് ആളുകളാണ് ഒരുമിച്ചു കൂടിയത്.

ഇന്ത്യയിൽ എല്ലാ നഗരങ്ങളും പുതുവർഷത്തെ വരവേൽക്കാനൊരുങ്ങിയിട്ട് ഏറെ നേരമായിരുന്നു. ഡൽഹിയിൽ കനത്ത തണുപ്പിലും ഇന്ത്യ ഗേറ്റിലും കൊണാട്ട് പ്ലേസിലുമൊക്കെ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. ഈ വർഷത്തെ ഏറ്റവും ഒടുവിലത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് പുതുവൽസര ആശംസകൾ നേർന്നു. ഗോവയിലും മുംബൈയിലും റേവ് പാർട്ടികളിൽ പൊലീസ് റെയ്ഡും മറ്റും നടന്നു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ആഘോഷം പൊടിപൊടിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിലേക്ക് പുതുവർഷം എത്തുന്നതേയുള്ളു. പുതിയ വർഷത്തെ എതിരേൽക്കാൻ ഒരുങ്ങി നിൽക്കെ അമേരിക്കയിൽ കനത്ത പൊലീസ് സുരക്ഷ ശക്തമാക്കി. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്. ലോകം മുഴുവനുമുള്ള അനേകായിരങ്ങൾ ഒത്തു ചേരുന്ന ന്യൂയോർക്ക് ടൈം സ്ക്വയർ കനത്ത പൊലീസ് വലയത്തിലാണ്. ടൈം സ്ക്വയറിലെ സുരക്ഷര എന്നത് ഒരു ഹിമാലയൻ പ്രയത്നമാണെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. വിമാനത്താവളങ്ങളും റയിൽവേ സ്റ്റേഷനുകളുമടക്കം ആളുകൾ കൂടുന്ന എല്ലായിടത്തും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും ഒടുവിലായി പുതുവർഷം എത്തുന്നത് യുഎസിലെ തന്നെ ബേക്കർ ഹൌലാൻ്റ് ദ്വീപുകളിലാണ്. അവിടെ ആരും താമസിക്കുന്നില്ല. ഇന്ത്യൻ സമയം ജനുവരി 1 വൈകിട്ട് നാലര മണിയാകും അവിടെ ഡിസംബർ 31 അർധരാത്രിയാവാൻ.

World Welcomes 2024, celebrations all around the World

More Stories from this section

family-dental
witywide