തൊട്ടു തൊട്ടില്ല; ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കിൽ – വിഡിയോ

ദക്ഷിണ കൊറിയയിലെ ഗുരുതരമായ വിമാനാപകടത്തിന് ദിവസങ്ങൾക്ക് ശേഷം, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടുനിന്നവരെ മുഴുവൻ ഭയത്തിൻ്റെ മുൾമുനയിൽ ആഴ്ത്തിയ ഒരു നിമിഷം കടന്നുപോയി. രണ്ടു വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കിലെത്തി, നെല്ലിട വ്യത്യാസത്തിൽ രക്ഷപ്പെട്ട സംഭവമാണ് കണ്ടുനിന്നവരെ മുഴുവൻ പേടിപ്പിച്ചത്. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ‘stop , stop, stop’ എന്നു ബഹളംവയ്ക്കുന്നുണ്ടായിരുന്നു.

ഡെൽറ്റ എയർലൈൻസ് വിമാനവും ഗോൺസാഗ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ ടീം സഞ്ചരിച്ച ഒരു ചാർട്ടർ വിമാനവും തമ്മിലാണ് കൂട്ടിയിടിക്കാൻ ഒരുങ്ങിയത്.

പ്രാദേശിക സമയം ഏകദേശം 4:30 ഓടെ, ഗോൺസാഗ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ ടീമിൻ്റെ ചാർട്ടേഡ് കീ ലൈം എയർ ഫ്ലൈറ്റ് 563 ലാൻഡ് ചെയ്യാനായി റൺവേയോട് അടുത്തു വരികയായിരുന്നു. അറ്റ്ലാൻ്റയിലേക്ക് പോകുന്ന എയർബസ് എ 321 ഡെൽറ്റ ഫ്ലൈറ്റ് 471 ടേക്ക്ഓഫ് ചെയ്യാനായി ഒരുങ്ങി നിൽക്കുന്നിടത്തേത്ത് ആ വിമാനം എത്തി. ഡെൽറ്റ വിമാനം ആകാശത്തേക്ക് ഉയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സ്വകാര്യ ജെറ്റ് ആകാശത്ത് പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി.

സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൺവേയിൽ ഇറങ്ങുന്നതിനു മുമ്പ് നിർത്താനായി എയർ ട്രാഫിക് കൺട്രോളർമാർ ഗോൺസാഗ വിമാനത്തിന് നിർദ്ദേശം നൽകിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

2 Planes’ Narrow Escape At Los Angeles airport