കാൽചുവട്ടിലെ മണ്ണും ഒലിച്ച് പോകുന്നു, ട്രംപിന് കനത്ത തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂക്ഷം, വിശ്വസ്തരും പ്രസിഡന്‍റിൽ നിന്ന് അകലുന്നു

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. രാജ്യത്തുടനീളം അലയടിച്ച ഡെമോക്രാറ്റിക് തരംഗത്തിൽ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ടെക്സസ്, കാൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ പോലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടി.

ട്രംപിന്റെ നേതൃത്വത്തിനും ഭരണനയങ്ങൾക്കുമെതിരായ ജനവിധിയായാണ് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി, ഇറാൻ യുദ്ധം, ഭരണപരമായ വീഴ്ചകൾ എന്നിവയിലുള്ള വോട്ടർമാരുടെ അതൃപ്തിയാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. ടെക്സസിൽ ജെയിംസ് തലാറിക്കോ അറ്റോർണി ജനറൽ കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തിയപ്പോൾ ഗവർണർ തിരഞ്ഞെടുപ്പിൽ ജിന ഹിനോജോസയും വിജയം നേടി. കാൻസാസിൽ ആദം ഹാമിൽട്ടണിലൂടെ പതിറ്റാണ്ടുകൾക്കുശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രിസ് അടുത്ത ജനുവരിയിൽ സ്പീക്കർ പദവിയിലെത്തുന്നതോടെ ആ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവർഗക്കാരനാകും. സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷുമറും ഭൂരിപക്ഷ നേതൃത്വത്തിലേക്ക് തിരിച്ചെത്തും. തിരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും വലിയ പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ട്. ട്രംപിന്റെ രാഷ്ട്രീയ ആധിപത്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റിപ്പബ്ലിക്കൻ നേതാക്കളായ ജെ.ഡി. വാൻസ്, ടെഡ് ക്രൂസ് തുടങ്ങിയവരും പാർട്ടിയിലെ മറ്റ് അധികാരകേന്ദ്രങ്ങളും ട്രംപിന്റെ നിലപാടുകളിൽനിന്ന് അകലം പാലിച്ചുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് ഫലത്തെ ‘വാട്ടർഗേറ്റ് മാതൃകയിലുള്ള തിരിച്ചടി’ എന്നാണ് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് വിശേഷിപ്പിച്ചത്. ജീവിതച്ചെലവ് വർധിച്ചതും ഇറാൻ യുദ്ധവും പാർട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായതോടെ ട്രംപിന്റെ നിയമനിർമാണങ്ങൾക്കും മന്ത്രിസഭാ നിയമനങ്ങൾക്കും സുപ്രീംകോടതിയിലെ ഒഴിവുകളിലേക്കുള്ള നാമനിർദേശങ്ങൾക്കും കടുത്ത തടസ്സങ്ങൾ നേരിടേണ്ടിവരും. ഭരണകൂടത്തിന്റെ നയങ്ങൾ, ഇറാൻ യുദ്ധം, കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താനും ഡെമോക്രാറ്റുകൾക്ക് അവസരമൊരുങ്ങും.

പ്രസിഡന്റിന് വീറ്റോ അധികാരമുണ്ടെങ്കിലും പുതിയ കോൺഗ്രസിന് ട്രംപിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾക്കുമേൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും. 2029 ജനുവരി വരെ വൈറ്റ് ഹൗസിൽ തുടരാമെങ്കിലും ശേഷിക്കുന്ന കാലയളവിൽ പ്രധാനപ്പെട്ട നിയമനിർമാണങ്ങൾ നടപ്പാക്കുക ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.