
കീവ്: റഷ്യൻ അധിനിവേശ പ്രദേശത്തുനിന്നും സാധാരണക്കാരായ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഭാഗിക വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ മധ്യസ്ഥത വഹിച്ച അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന് യുക്രെയിൻ്റെ ആദരം. യുക്രെയിൻ്റെ പ്രമുഖ ദേശീയ സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് പ്രിൻസസ് ഓൾഗ (ഫസ്റ്റ് ക്ലാസ്)’ നൽകിയാണ് പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി മെലാനിയയെ ആദരിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് യുക്രെയിൻ പ്രസിഡൻ്റിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
യുക്രെയിനിലെ ജനങ്ങൾക്ക് നൽകിയ മാനുഷിക പിന്തുണയും സജീവമായ മനുഷ്യാവകാശ-ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് പുരസ്കാരമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ആഴ്ചകളോളം ഭക്ഷണവും മരുന്നുമില്ലാതെ ദുരിതത്തിലായ തെക്കൻ അതിർത്തിയിലെ ഒലേഷ്കി നഗരത്തിലുള്ളവർക്ക് സുരക്ഷിതമായി പുറത്തുകടക്കാൻ മെലാനിയ ട്രംപിൻ്റെ ഇടപെടലിലൂടെ സാധിച്ചിരുന്നു. റഷ്യൻ-യുക്രെയിൻ സേനകൾക്കിടയിൽ ഇവർ തദ്ദേശീയമായി ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ ഇരുവിഭാഗവും പൂർണ്ണമായി പാലിച്ചു. ഇതേത്തുടർന്ന് റോഡുകളിലെ മൈനുകൾ നീക്കം ചെയ്യാനും ജനങ്ങൾക്ക് യുക്രെയിനിലേക്കോ റഷ്യയിലേക്കോ സുരക്ഷിതമായി മാറാനും കഴിഞ്ഞ മാസം വഴിയൊരുങ്ങിയിരുന്നു.
ഒരു അമേരിക്കൻ പ്രഥമ വനിതയുടെ ചരിത്രപരമായ നയതന്ത്ര നീക്കമാണ് ഇതെന്ന് വൈറ്റ് ഹൗസ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിൽ റഷ്യയുടെയും യുക്രെയിൻ്റെയും പ്രതിനിധികളെ മെലാനിയ ട്രംപ് വൈറ്റ് ഹൗസിൽ നേരിട്ട് ചർച്ചയ്ക്ക് എത്തിക്കുമെന്നും സൂചനയുണ്ട്. വെടിനിർത്തലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ 11 മണിക്ക് (പ്രാദേശിക സമയം) പ്രഥമ വനിത വൈറ്റ് ഹൗസിൽ ഔദ്യോഗികമായി സംസാരിക്കും. റഷ്യയിലേക്ക് മാറ്റപ്പെട്ട യുക്രെയിൻ കുട്ടികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലും മെലാനിയ സജീവമായി പങ്കെടുക്കുന്നുണ്ട്.
Zelenskyy presents Ukraine’s national honor to Melania Trump













