മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. നാല് പേര്‍കുടുങ്ങിക്കിടക്കുകയാണെന്ന് ജില്ലാ ഭരണകൂടം ഞായറാഴ്ച അറിയിച്ചു. തുടര്‍ച്ചയായ മഴയ്ക്കിടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) സംഘങ്ങള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തകര്‍ന്ന കെട്ടിടത്തില്‍ 15 പേര്‍ ഉണ്ടായിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു, ബാക്കിയുള്ള 12 പേരില്‍ എട്ട് പേരാണ് മരണപ്പെട്ടത്. നാല് പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
ശനിയാഴ്ച വൈകുന്നേരം 5:15 ഓടെയാണ് അപകടം നടന്നത്. നഫോ അലാവുദ്ദീന്‍ എന്നയാളാണ് കെട്ടിടത്തിന്റെ ഉടമ. അപകടത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടന്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.