
മനില: ഫിലിപ്പീൻസിലെ പമ്പാംഗ പ്രവിശ്യയിലുള്ള അൻഗെലസ് നഗരത്തിൽ നിർമ്മാണത്തിലിരുന്ന ഒമ്പതുനില ഹോട്ടൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 17 നിർമ്മാണ തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
രണ്ട് നിർമ്മാണ തൊഴിലാളികളും, തൊട്ടടുത്ത ഹോട്ടലിൽ താമസിച്ചിരുന്ന മലേഷ്യൻ സ്വദേശിയായ വിനോദസഞ്ചാരിയുമാണ് മരിച്ചത്. അപകടസമയം കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. നിലവിൽ ദുരന്തസ്ഥലത്തുനിന്നും 26 പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്.
അനുമതിയില്ലാതെ ഒമ്പതുനില കെട്ടിടത്തിന് മുകളിൽ പത്താമത് ഒരു നില കൂടി നിർമ്മിച്ച് അവിടെ സ്വിമ്മിംഗ് പൂൾ സ്ഥാപിച്ചതാണ് കെട്ടിടം തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് പ്രദേശത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുമുണ്ടായിരുന്നു. കനത്ത കോൺക്രീറ്റ് പാളികളും സ്കാഫോൾഡിംഗുകളും നീക്കി അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തകർ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നത്. സംഭവത്തിൽ ഫിലിപ്പീൻസ് ദേശീയ പൊലീസ് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Three dead, 17 missing after building under construction collapses in Philippines













