അമേരിക്കൻ പൊലീസിലെ മലയാളി; മനു പൂപ്പാറയിലിൻ്റെ ജീവിതം ആരെയും ആവേശം കൊള്ളിക്കുന്നത്

ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: കാക്കിയിട്ടവന്റെ നേര്‍ക്ക് കൈയോങ്ങിയവന്റെ കരണത്തിനിട്ട് ഒന്നു പുകച്ച കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തെയാണ് മനു പൂപ്പാറയിൽ (മനോജ് കുമാര്‍) ആരാധിച്ചത്. എന്നാല്‍ സിനിമയിലെ പൊലീസും യഥാർഥ പൊലീസും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ… നാട്ടിലെ പൊലീസ് സേന തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ യുഎസിലേക്ക് വിമാനം കയറി. അവിടെ ആ യുവാവ് നടന്നു കയറിയത് സമാനതകളില്ലാത്ത നേട്ടത്തിലേക്ക്. കാക്കിക്ക് പകരം അമേരിക്കന്‍ പോലീസിന്റെ യൂണിഫോം അണിഞ്ഞപ്പോള്‍ അതു ഒരു കുടിയേറ്റക്കാരന്റെ സ്വപ്‌നസാഫല്യമായി മാറി.

മനു പൂപ്പാറയിൽ എന്ന മനോജ്കുമാര്‍ പൂപ്പാറയിലിന്റെ വളര്‍ച്ച നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി കഥയാണ്. യൂണിഫോമില്‍ നിന്ന് കമ്മ്യുണിറ്റി നേതാവെന്ന നിലയിലേക്കുള്ള യാത്രയിലാണ് ഇന്ന് അദ്ദേഹം. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്റ് 3-ന്റെ കോണ്‍സ്റ്റബിളാകാനുള്ള മത്സരത്തിന് കച്ചമുറുക്കുമ്പോള്‍ നീതി, കമ്മ്യൂണിറ്റി സേവനം, മാതൃകാപരമായ നേതൃത്വം എന്നിവയാണ് കൈമുതലായി കാണിക്കുവാനുള്ളത്. 

കൊമേഴ്സില്‍ അക്കാദമിക് ബഹുമതികളോടെ ഇന്ത്യയില്‍ നിന്ന് 2005ൽ യുഎസില്‍ എത്തിയതാണ് മനു, അവിടെ അദ്ദേഹം പെട്ടെന്നു തന്നെ സമൂഹത്തിന്റെ ഭാഗമായി. അചഞ്ചലമായ സ്ഥിരോത്സാഹമായിരുന്നു അന്ന് കൈമുതലായി ഉണ്ടായിരുന്നത്. 

യു.എസില്‍, മനുവിന്റെ അക്കാദമിക് നേട്ടങ്ങള്‍ക്ക് തുടക്കത്തില്‍ കാര്യമായ അംഗീകാരം ലഭിച്ചില്ല. ഇതോടെ പുതിയ തുടക്കം കുറിക്കാന്‍ അദ്ദേഹം തയാറായി. ഒരു ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായിരുന്നു തുടക്കത്തില്‍. ജോലി അതീവ ദുഷ്‌കരമായിരുന്നെങ്കിലും അമേരിക്കന്‍ സമൂഹത്തെ അടുത്തറിയാന്‍ അത് ഉപകരിച്ചു. അതോടൊപ്പം ഫീനിക്സ് യൂണിവേഴ്സിറ്റിയില്‍ എംബിഎയ്ക്കു ചേര്‍ന്നു. 

ഹൂസ്റ്റണ്‍-ഡൗണ്‍ടൗണ്‍ പോലീസ് അക്കാദമിയിലെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. അവിടെ അദ്ദേഹം മികവ് പുലര്‍ത്തുകയും ബഹുമതികളോടെയും മികച്ച ഹാജരോടെയും ബിരുദം നേടുകയും ചെയ്തു. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലും മെട്രോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സേവനം പൊതുജന സുരക്ഷയ്ക്കും സമൂഹ ക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന് അടിവരയിടുന്നു. ഹിന്ദിയിലും തമിഴിലും ഉള്ള അദ്ദേഹത്തിന്റെ ഭാഷാ വൈദഗ്ദ്ധ്യം, മറ്റ് ഭാഷ സംസാരിക്കുന്നവർക്കിടയിൽ സാംസ്‌കാരിക വിഭജനം മറികടക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ആവശ്യമുള്ളവര്‍ക്ക് അവരുടെ പശ്ചാത്തലം പരിഗണിക്കാതെ തന്നെ സാന്ത്വനവും പിന്തുണയും നല്‍കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. 

മനുവിന്റെ മാതൃകാപരമായ സേവനത്തിന് മെഡല്‍ ഓഫ് വാലർ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ ലഭിച്ചു. ധാര്‍മ്മിക വിശ്വാസങ്ങളോ കുറ്റവാളിയുടെ സുരക്ഷയോ വിട്ടുവീഴ്ച ചെയ്യാതെ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ധീരമായ പ്രവര്‍ത്തനത്തിനായിരുന്നു ഈ അംഗീകാരം. അദ്ദേഹത്തിന്റെ ധീരതയെ ഡിപ്പാര്‍ട്ട്‌മെന്റ്അംഗീകരിച്ചു. ടെക്‌സസ് സ്റ്റേറ്റിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് മെഡല്‍ ഓഫ് വാലർ‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ സ്വദേശി എന്ന ബഹുമതിയും മനോജിന് ലഭിച്ചു. നിയമപാലനത്തിലും സമൂഹ സേവനത്തിലും അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതിനുള്ള ഉദാഹരണമാണ് ഈ നേട്ടം.

ഇപ്പോള്‍, തന്റെ കമ്മ്യൂണിറ്റിയെ കൂടുതല്‍ സേവിക്കാനുള്ള ആഗ്രഹത്തോടെ , ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്റ് 3 കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായി മനു  സജീവമായി പ്രചാരണം നടത്തുകയാണ്. [https:// manuforprecinct3.com] എന്ന വെബ്‌സൈറ്റിലൂടെ അദ്ദേഹം മലയാളി സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ചിരിക്കുകയാണ്. സത്യസന്ധതയുടെയും ധീരതയും അചഞ്ചലമായ അര്‍പ്പണബോധവും കൈമുതലായുള്ള ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

മനു പൂപ്പാറയിലിന്റെ വ്യക്തിജീവിതം അദ്ദേഹത്തിന്റെ പ്രഫഷണല്‍ യാത്ര പോലെ തന്നെ സമ്പന്നമാണ്. ഹണി  മനോജ്കുമാറാണ് ഭാര്യ. 23 വര്‍ഷത്തെ ദാമ്പത്യം. ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ബയോളജിയില്‍ ബിരുദ വിദ്യാര്‍ഥിയായ മാധവനാണ് മകന്‍. സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പിന്തുണയ്ക്കുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഈ കുടുംബ അടിത്തറ കൂടുതല്‍ ഉറപ്പിക്കുന്നു.

മനു പൂപ്പാറയില്‍ കോണ്‍സ്റ്റബിളാകുന്നതിനുള്ള പ്രചാരണം നടത്തുമ്പോള്‍ പിന്തുണയ്‌ക്കേണ്ടത് കമ്മ്യുണിറ്റിയുടെ കടമയാണ്. കഠിനാധ്വാനത്തിന്റെയും നീതിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിന്റെയും പ്രതീകമാണ് മനു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അനുകമ്പ, മികവ്, സേവിക്കാനും സംരക്ഷിക്കാനുമുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയില്‍ വേരൂന്നിയ നേതൃത്വത്തിനായി കാംക്ഷിക്കുന്ന ഒരു സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചമാണ് എന്നതില്‍ സംശയമില്ല.

A Malayali In US Police department

More Stories from this section

family-dental
witywide