സൗദി-പാകിസ്ഥാൻ-തുർക്കി പ്രതിരോധ കരാറിനെതിരെ ഇറാൻ; സുരക്ഷ ഭിക്ഷ യാചിക്കേണ്ടതില്ലെന്ന് രൂക്ഷവിമർശനം

ടെഹ്റാൻ: സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാർ സൗദിയുടെ സുരക്ഷ ഉറപ്പാക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. കരാറിനോടുള്ള തെഹ്റാന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വിമർശനമുന്നയിച്ചത്.

കടലാസിലെ കരാറുകൾ കൊണ്ട് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് സൗദി അറേബ്യ തിരിച്ചറിയണമെന്ന് ഇറാനിയൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി അംഗം ഇബ്രാഹിം റെസായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. അമേരിക്കയുമായുള്ള ദശാബ്ദങ്ങൾ നീണ്ട സൗഹൃദം കൊണ്ട് സൗദിക്ക് സുരക്ഷ ലഭിച്ചില്ലെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, മറ്റുള്ളവരുടെ മുൻപിൽ സുരക്ഷയ്ക്കായി ഭിക്ഷ യാചിക്കുന്നതിന് പകരം സ്വന്തം നയങ്ങളിൽ മാറ്റം വരുത്താൻ സൗദി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച മക്കയിൽ വെച്ചാണ് മേഖലയിലെ സുപ്രധാന ശക്തികളായ സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ പങ്കാളികളാകുന്ന നാറ്റോ മോഡൽ പ്രതിരോധ കരാർ ഒപ്പുവെച്ചത്. പങ്കാളിത്ത രാജ്യങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായാൽ അതിനെ മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ‘മക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്’ വ്യവസ്ഥ ചെയ്യുന്നത്.

കരാർ പൂർണ്ണമായും കേവലം പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണെന്നും ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്നും തുർക്കി വ്യക്തമാക്കുന്നുണ്ട്. എങ്കിലും മേഖലയിൽ യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദിക്ക് നേരെയുണ്ടാകുന്ന ആക്രമണം പാകിസ്ഥാനെയും തുർക്കിയെയും നേരിട്ട് യുദ്ധത്തിലേക്ക് നയിക്കുമെന്നതിനാൽ ഈ നീക്കം ഇറാനുള്ള വ്യക്തമായ മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു.

More Stories from this section

family-dental
witywide