
കൽപറ്റ ∙ നാടകകൃത്തും നോവലിസ്‌റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടേ വീട്ടിൽ ഇന്നു രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ തൊണ്ടിയിൽ മാവടിയിലായിരുന്നു ജനനം. 1973 ലാണ് വയനാട്ടിലെത്തിയത്. ആദിവാസി സമൂഹത്തിൽ നിന്നുള്ള കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി 1994ൽ വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്ത് സ്ഥാപിച്ച കനവ് എന്ന ഗുരുകുലാശ്രമത്തിലൂടെയാണ് കെ.ജെ. ബേബി കൂടുതൽ പ്രശസ്തനായത്. പിന്നീട് കനവിന്റെ പ്രവർത്തനങ്ങളിൽ നിന്നുമാറി അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏല്പിച്ചു.
കെ.ജെ. ബേബിയുടെ മാവേലിമൻറം എന്ന നോവൽ ആദിവാസി ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിച്ച കൃതിയാണ്. ആ നോവലിന് 1994-ലെ കേരളസാഹിത്യ അക്കാദമി അവാർഡും പിന്നീട് മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. ബേബി രചിച്ച ‘നാടുഗദ്ദിക’ നാടകവും സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗുഡ്ബൈ മലബാർ, ബെസ്പുർക്കാന എന്നിവയാണ് മറ്റു കൃതികൾ.
ഭാര്യ: പരേതയായ ഷേർലി. രണ്ടു മക്കളുണ്ട്.













