ടെക്‌സാസ്: ഏറ്റവും അധികം മുലപ്പാല്‍ ദാനം ചെയ്യുന്ന വനിതയായി ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ടെക്സാസില്‍ നിന്നുള്ള അലിസ്സ ഒഗ്ലെട്രീ. ഇതേ വിഭാഗത്തില്‍ മുമ്പ്‌നേടിയ സ്വന്തം റെക്കോര്‍ഡാണ് 36 കാരിയായ അലിസ്സ മറികടന്നത്.
2,645.58 ലിറ്റര്‍ മുലപ്പാലാണ് അലിസ്സ ദാനംചെയ്തത്. ഗാര്‍ഡിയന്‍ പറയുന്നതനുസരിച്ച് മുമ്പ് 2014 ല്‍ 1,569.79 ലിറ്റര്‍ മുലപ്പാല്‍ നല്‍കിയാണ് അലിസ്സ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംനേടിയത്. നോര്‍ത്ത് ടെക്സാസിലെ മദേഴ്സ് മില്‍ക്ക് ബാങ്ക് പറയുന്നതനുസരിച്ച്, ഒരു ലിറ്റര്‍ മുലപ്പാല്‍കൊണ്ട് മാസം തികയാതെ ജനിച്ച 11 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാകും. ഇപ്രകാരം സംഘടനയ്ക്ക് അലിസ്സ നല്‍കിയ പാല്‍ 350,000-ലധികം കുഞ്ഞുങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
തനിക്ക് ഒരു വലിയ ഹൃദയമുണ്ട്, ആളുകളെ സഹായിക്കാന്‍ വേണ്ടത്ര പണം തന്റെ പക്കല്‍ ഇല്ലെന്നും എന്നാല്‍ മുലപ്പാല്‍ ദാനം ചെയ്തതിലൂടെ തനിക്ക് നിരവധി കുഞ്ഞുങ്ങളെ സഹായിക്കാനായെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ അലിസ്സ വ്യക്തമാക്കി.
2010ല്‍ മകന്‍ കൈലിന്റെ ജനനത്തോടെയാണ് അലിസ്സ മുലപ്പാല്‍ ദാനം ചെയ്ത് തുടങ്ങിയത്. കുട്ടിക്ക് ഇപ്പോള്‍ 14 വയസുണ്ട്. അലിസ്സയ്ക്ക് കൂടിയ അളവില്‍ മുലപ്പാല്‍ ഉണ്ടായിരുന്നതിനാല്‍ ഒരു നഴ്‌സാണ് അത് ദാനം ചെയ്യുന്നതിനെക്കുറിച്ച് അലിസ്സയോട് നിര്‍ദേശിച്ചത്.
കൈലിന് ശേഷം, രണ്ട് കുട്ടികള്‍ക്കുകൂടി അലിസ്സ ജന്മം നല്‍കി. കേജ് (12), കോറി (7) എന്നിവരാണ് കൈലിന്റെ സഹോദരങ്ങള്‍. ഇവരുടെ ജനനത്തെത്തുടര്‍ന്നും പാല്‍ ദാനം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു അലിസ്സ.