
വാഷിംഗ്ടൺ: മുൻ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് അവർ രഹസ്യമായി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. നിലവിൽ തുടർചികിത്സയിൽ കഴിയുന്ന താൻ സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും 60-കാരിയായ പാം ബോണ്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാം ബോണ്ടിയെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിലെ അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നീക്കിയത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഇവർക്ക് കാൻസർ ബാധ കണ്ടെത്തിയത്. വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീൻ്റെ ഫയലുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോണ്ടിക്ക് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ അവർ വെള്ളിയാഴ്ച മൊഴി നൽകാനിരിക്കെയാണ് രോഗവിവരം പുറത്തുവരുന്നത്.
അതേസമയം, കടുത്ത ആരോഗ്യ വെല്ലുവിളികൾക്കിടയിലും പാം ബോണ്ടി ഔദ്യോഗിക രംഗത്ത് സജീവമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസിൻ്റെ നിർമ്മിത ബുദ്ധി (എഐ) നയരൂപീകരണത്തിനായുള്ള പ്രത്യേക ഉപദേശക സമിതിയിൽ അവർ ഉടൻ തന്നെ ചുമതലയേൽക്കും. വൈറ്റ് ഹൗസ് ശാസ്ത്ര-സാങ്കേതിക ഉപദേശകരും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, എൻവിഡിയ കോ-ഫൗണ്ടർ ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖ സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സമിതിയിലെ ഏകോപന ചുമതലയാണ് ബോണ്ടിക്ക് നൽകിയിരിക്കുന്നത്.
പാം ബോണ്ടി കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാൻസറിനോട് ശക്തമായി പോരാടുകയാണെന്നും അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനാകുമെന്നും മുൻ വൈറ്റ് ഹൗസ് ഉപദേശക കേറ്റി മില്ലർ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.
Former US Attorney General Pam Bondi diagnosed with thyroid cancer














