
വാഷിംഗ്ടൺ: യു.എസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കിടയിൽ ആത്മഹത്യാ നിരക്ക് ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 2025 ജനുവരിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം മാത്രം കുറഞ്ഞത് 10 പുരുഷന്മാർ തടങ്കലിൽ വെച്ച് ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. മുൻ വർഷങ്ങളിൽ ഒന്നോ രണ്ടോ ആത്മഹത്യകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം മാത്രം ഏഴ് മരണങ്ങളാണ് ആത്മഹത്യയായി സ്ഥിരീകരിച്ചത്. ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് തടവിലാക്കപ്പെട്ടവരുടെ എണ്ണം 50% വർദ്ധിച്ച് 60,000 ആയി ഉയർന്ന സാഹചര്യത്തിലാണ് ഐസിഇ സംവിധാനത്തിലെ ചികിത്സാ-മേൽനോട്ട പിഴവുകൾ ഈ മരണങ്ങളിലൂടെ പുറത്തുവന്നത്. മരണമടഞ്ഞവരിൽ അഞ്ച് പേർ ഐസിഇയുടെ ദീർഘകാല പങ്കാളികളായ ‘കോർസിവിക്’, ‘ജിയോ ഗ്രൂപ്പ്’ എന്നിവർ നടത്തുന്ന കേന്ദ്രങ്ങളിലാണ് മരിച്ചത്. ആറാമത്തെ മരണം സംഭവിച്ചത് പരിചയസമ്പന്നരല്ലാത്ത ഒരു കരാറുകാരൻ നടത്തിയിരുന്ന ക്യാമ്പിലാണ് (ഇവരെ പിന്നീട് ഐസിഇ മാറ്റിയിട്ടുണ്ട്). മൂന്ന് പേർ ഷെരീഫുമാർ നടത്തുന്ന ജയിലുകളിലും ഒരാൾ ഫെഡറൽ ജയിലിലുമാണ് മരിച്ചത്.
ദുരിതപൂർണ്ണമായ തടവറ ജീവിതം
മിസൗറി ജയിലിൽ കോവിഡ്-19 ബാധിച്ച് ഐസൊലേഷനിൽ കഴിയവെ ആത്മഹത്യ ചെയ്ത ബ്രയാൻ റായോ ഗാർസോൺ എന്ന തടവുകാരൻ്റെ അനുഭവം ഈ കേന്ദ്രങ്ങളിലെ ക്രൂരത വെളിപ്പെടുത്തുന്നു. പനിയും വിറയലുമായി കഴിഞ്ഞിരുന്ന ബ്രയാൻ മാനസികാരോഗ്യ ചികിത്സയ്ക്കായി അപേക്ഷിച്ചെങ്കിലും അധികൃതർ അത് നിരസിച്ചു. രോഗം പകരാതിരിക്കാനെന്ന പേരിൽ അമ്മയെ ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തി.
“എൻ്റെ അമ്മ എന്നെയോർത്ത് വലിയ വിഷമത്തിലാണെന്ന് എനിക്ക് തോന്നുന്നു” എന്ന് സ്പാനിഷ് ഭാഷയിൽ ബ്രയാൻ ജയിൽ ഉദ്യോഗസ്ഥർക്ക് എഴുതി നൽകിയ കുറിപ്പ് വാങ്ങി അധികൃതർ അവഗണിക്കുകയാണുണ്ടായത്. ഈ കുറിപ്പ് നൽകി ഒരു മണിക്കൂറിനകം ബ്രയാനെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊതുജനാരോഗ്യ-മാനസികാരോഗ്യ കാഴ്ചപ്പാടിൽ കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. സഞ്ജയ് ബസു വ്യക്തമാക്കി. തടവുകാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനേക്കാൾ വളരെ വേഗത്തിലാണ് ആത്മഹത്യാ നിരക്ക് ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരിച്ചവരിൽ ഒൻപത് പേരും ഹിസ്പാനിക് വിഭാഗത്തിൽപ്പെട്ടവരും ഒരാൾ ചൈനീസ് പൗരനുമാണ്. ഇവരുടെ ശരാശരി പ്രായം 32 വയസ്സാണ്. നാടുകടത്തൽ ഭീഷണി നേരിടുന്നവർ കടുത്ത കുറ്റവാളികളാണെന്ന് ട്രംപ് ഭരണകൂടം വാദിക്കുമ്പോഴും, മരിച്ച 10-ൽ 7 പേർക്കും യു.എസിൽ യാതൊരുവിധ അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും ഇല്ലായിരുന്നുവെന്ന് എ.പി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചില സാഹചര്യങ്ങളിൽ, മാനസികമായി തകർന്നിരിക്കുന്ന തടവുകാരെ അധികൃതർ ഏകാന്ത തടവിലാക്കുന്നു. ഇത് അവരുടെ അപമാനഭാരവും നിസ്സാഹായാവസ്ഥയും വർദ്ധിപ്പിക്കാൻ മാത്രമേ കാരണമാകൂ എന്ന് വിദഗ്ദ്ധർ പറയുന്നു. തടങ്കൽ കേന്ദ്രത്തിൽ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ തടവുകാരെ ശാരീരിക-മാനസിക ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കാറുണ്ടെന്നാണ് ഐസിഇ നിരന്തരം അവകാശപ്പെടുന്നത്. എന്നാൽ, ആത്മഹത്യകൾ നടന്ന ഒൻപത് കേന്ദ്രങ്ങളിൽ മൂന്നെണ്ണമെങ്കിലും ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ഐ.സി.ഇ-യുടെ തന്നെ പരിശോധനാ റിപ്പോർട്ടുകളും ജയിൽ രേഖകളും വ്യക്തമാക്കുന്നു.
തടവുകാരുടെ മരണങ്ങൾ തടയുന്നതിനായി മുൻപ് ഐസിഇയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള, ന്യൂയോർക്ക് സിറ്റി ജയിലുകളിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹോമർ വെന്റേഴ്സ് ഈ ആത്മഹത്യാ വർദ്ധനവിനെ ‘ഭയപ്പെടുത്തുന്നത്’ എന്നാണ് വിശേഷിപ്പിച്ചത്. “നിലവിലെ സിസ്റ്റം പ്രവർത്തിക്കുന്നതിലെ പരാജയമാണ് ഈ വർദ്ധനവ് കാണിക്കുന്നത്. പ്രത്യേകിച്ച്, തടങ്കലിലേക്ക് കൊണ്ടുവരുന്ന ആദ്യ ഘട്ടങ്ങളിൽ ആളുകളെ കൃത്യമായി വിലയിരുത്തുന്നതിൽ വലിയ വീഴ്ച സംഭവിക്കുന്നുണ്ട്,” ഡോ. വെന്റേഴ്സ് പറഞ്ഞു. ആദ്യ പരിശോധനകളിൽ എന്തെങ്കിലും അപകടസൂചനകൾ കണ്ടെത്തിയാൽ പോലും, ആത്മഹത്യ തടയാൻ തക്കവണ്ണമുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു ട്രാഫിക് നിയമലംഘനത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെട്ട 19 വയസ്സുകാരനായ ഒരു മെക്സിക്കൻ യുവാവും ജീവനൊടുക്കിയവരിൽ ഉൾപ്പെടുന്നു. മിനസോട്ടയിൽ വെച്ച് ഐസിഇ കസ്റ്റഡിയിലെടുത്ത് ടെക്സാസിലെ തിരക്കേറിയ ക്യാമ്പിലേക്ക് മാറ്റിയ 36 വയസ്സുകാരനായ റസ്റ്റോറൻ്റ് ജീവനക്കാരനാണ് മറ്റൊരാൾ. ഇദ്ദേഹത്തിന് നിക്കരാഗ്വയിലുള്ള തൻ്റെ ബന്ധുക്കളുമായുള്ള ബന്ധം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. യു.എസ്-മെക്സിക്കോ അതിർത്തി പലതവണ നിയമവിരുദ്ധമായി മുറിച്ചുകടന്ന, വലിയ ക്രിമിനൽ പശ്ചാത്തലമുള്ള 45 വയസ്സുകാരനാണ് മൂന്നാമൻ.

അമ്മയോട് സംസാരിക്കാൻ അനുവാദം ചോദിച്ച് കത്തെയുതിയ ശേഷം ആത്മഹത്യ ചെയ്ത ബ്രയാൻ റായോ കൊളംബിയൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയായിരുന്നു. സ്വന്തം നാട്ടിൽ തെരുവ് കച്ചവടക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹം, 2023-ൽ 26 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് കുടുംബത്തോടൊപ്പം കാലിഫോർണിയ വഴി യു.എസ് അതിർത്തി കടന്നത്. മൂന്ന് മാസത്തെ തടങ്കലിന് ശേഷമാണ് സെൻ്റ് ലൂയിസിലുള്ള ബന്ധുക്കൾക്കൊപ്പം താമസിക്കാൻ ഇദ്ദേഹത്തിന് അനുമതി ലഭിച്ചത്. ബ്രയാൻ യു.എസിലെ ജീവിതവുമായി പെട്ടെന്ന് പൊരുത്തപ്പെട്ടിരുന്നതായും പെയിൻ്റിംഗ് ജോലികളും ഫുഡ് ഡെലിവറിയും ചെയ്തിരുന്നതായും അമ്മ അഡ്രിയാന ഗാർസോൺ പറഞ്ഞു. 2024-ൽ ഒരു ജഡ്ജി ഇയാളെ കൊളംബിയയിലേക്ക് നാടുകടത്താൻ ഉത്തരവിട്ടിരുന്നു. നിയമപരമായി യു.എസിൽ തുടരുന്നതിനായി ഒരു വക്കീലിനെ വെക്കാൻ പണം സമ്പാദിക്കുകയായിരുന്നു ബ്രയാൻ്റെ ലക്ഷ്യം. എന്നാൽ, 2025 മാർച്ചിൽ സുഹൃത്തിൽ നിന്ന് ലഭിച്ച മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഒരു ഷോപ്പിൽ ഉപയോഗിച്ചതിന് സെൻ്റ് ലൂയിസ് പൊലീസ് ബ്രയാനെ അറസ്റ്റ് ചെയ്തു. തുടർന്നാണ് ഐസിഇ ഇയാളെ കസ്റ്റഡിയിലെടുത്തത്. രേഖകൾ പ്രകാരം ബ്രയാൻ പൊതുസുരക്ഷയ്ക്ക് കുറഞ്ഞ ഭീഷണിയുള്ള ഒരു സാധാരണ തൊഴിലാളി മാത്രമായിരുന്നു. സെൻ്റ് ലൂയിസിൽ നിന്നും 100 മൈൽ (160 കിലോമീറ്റർ) അകലെയുള്ള മിസൗറിയിലെ ഫെൽപ്സ് കൗണ്ടി ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.
മെക്സിക്കോയിൽ നിന്ന് പലതവണ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടന്ന 34 വയസ്സുകാരനായ ലിയോ ക്രൂസ് സിൽവയ്ക്ക് നേരിടേണ്ടി വന്നതും സമാനമായ അവസ്ഥയാണ്. കഴിഞ്ഞ വർഷം ശരത്കാലത്ത് സെന്റ് ലൂയിസ് പ്രാന്തപ്രദേശത്ത് വെച്ച് പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ ഇയാളെ തടങ്കലിലാക്കിയതിന് പിന്നാലെ കടുത്ത മാനസികാരോഗ്യ പ്രതിസന്ധി നേരിട്ടതായി രേഖകൾ വ്യക്തമാക്കുന്നു.
Suicides among immigration detainees on the rise in US detention centers: Alarming report















