തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ ഡിജിപിക്ക് അപേക്ഷ നല്‍കിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും ഒരുക്കും.
അതേസമയം, സംസ്ഥാനത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയ പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്. കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്റെ പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്‍വറിന്റെ പ്രസ്താവനകളൊക്കെ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരിക്കെ ഇന്നലെ ആയിരക്കണക്കിനു പേരെ അണിനിരത്തിയ നിലമ്പൂര്‍ ചന്തക്കുന്നിലെ വിശദീകരണയോഗത്തില്‍ പിന്മാറാനില്ലെന്ന സന്ദേശമാണ് അന്‍വര്‍ നല്‍കിയത്. രണ്ടര മണിക്കൂര്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനും എഡിജിപി അജിത്കുമാറിനും എതിരെ അതിരൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. പൊലീസിനെതിരെയും സ്വര്‍ണ്ണക്കടത്തിനേയും കുറിച്ചു പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്നു തുറന്നടിച്ച അന്‍വര്‍ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു.















