വോട്ടിംഗ് യന്ത്രങ്ങളിൽ വെനിസ്വേല അട്ടിമറി പരീക്ഷണം നടത്തിയെന്ന് വൈറ്റ് ഹൗസ്; ട്രംപിന് മുൻ ഇന്റലിജൻസ് മേധാവി അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്

വാഷിംഗ്ടൺ: വെനിസ്വേലൻ ഭരണകൂടം സ്വന്തം രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങളിൽ ഹാക്കിംഗ് പരീക്ഷണം നടത്തിയിരുന്നതായി വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ. മയക്കുമരുന്ന് കടത്ത് കേസിൽ അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട വെനിസ്വേലയുടെ മുൻ സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവി ഹ്യൂഗോ എൽ പൊള്ളോ കാർവഹാൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അയച്ച കത്തിലെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് വൈറ്റ് ഹൗസിന്റെ ഈ പുതിയ അവകാശവാദം.

ലഭ്യമായ വിവരങ്ങൾ പ്രകാരം, 2025 ഡിസംബറിൽ കാർവഹാൽ തന്റെ അഭിഭാഷകൻ വഴി ട്രംപിന് അയച്ച കത്ത് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ പുറത്തുവിട്ടിട്ടുണ്ട്. ആഗോളതലത്തിൽ വോട്ടിംഗ് സാങ്കേതികവിദ്യ നൽകുന്ന പ്രമുഖ കമ്പനിയായ ‘സ്മാർട്ട്മാറ്റിക്’ വെനിസ്വേലൻ സ്വേച്ഛാധിപത്യ ഭരണകൂടത്തെ സഹായിക്കാനായി രൂപീകരിക്കപ്പെട്ട ഒന്നാണെന്നാണ് കത്തിലെ പ്രധാന ആരോപണം. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യാപകമായി അട്ടിമറി നടത്താൻ സാധിക്കുമെന്നും മുൻപ് അത്തരം അട്ടിമറികൾ നടന്നിട്ടുണ്ടെന്നും കാർവഹാൽ ആരോപിക്കുന്നു. എന്നാൽ ഏതെല്ലാം തിരഞ്ഞെടുപ്പുകളിലാണ് ഇത്തരത്തിൽ കൃത്രിമം നടന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നില്ല.

ആരോപണങ്ങൾ തള്ളി സ്മാർട്ട്മാറ്റിക് കമ്പനിയും സി.ഐ.എയും

അതേസമയം, കാർവഹാലിന്റെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സ്മാർട്ട്മാറ്റിക് കമ്പനി വ്യക്തമാക്കി. തങ്ങൾ ഒരിക്കലും വെനിസ്വേലൻ സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആയിരുന്നിട്ടില്ലെന്നും അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചതിന് യാതൊരു തെളിവുമില്ലെന്നും കമ്പനി പ്രതികരിച്ചു. 2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ മാത്രമാണ് തങ്ങളുടെ യന്ത്രങ്ങൾ ഉപയോഗിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

2020-ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സ്മാർട്ട്മാറ്റിക് സഹായിച്ചുവെന്ന് ട്രംപ് അനുകൂലികൾ ദീർഘകാലമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ, മുൻപ് പുറത്തുവിട്ട സി.ഐ.എ മെമ്മോ പ്രകാരം, വെനിസ്വേലൻ ഭരണകൂടത്തിനോ സ്മാർട്ട്മാറ്റിക്കിനോ സ്വന്തം രാജ്യത്തിന് പുറത്തുള്ള വോട്ടിംഗ് പ്രക്രിയകളെ സ്വാധീനിക്കാനുള്ള സാങ്കേതിക ശേഷിയില്ല എന്ന് യു.എസ് ഇന്റലിജൻസ് വിഭാഗം 2006-ൽ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

നിർണ്ണായക വഴിത്തിരിവിലേക്ക് യു.എസ് കോടതി നടപടികൾ

മുൻ വെനിസ്വേലൻ പ്രസിഡന്റുമാരായ ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ എന്നിവരുടെ വിശ്വസ്തനായിരുന്ന കാർവഹാൽ പിന്നീട് ഭരണകൂടവുമായി തെറ്റിപ്പിരിഞ്ഞ് സ്പെയിനിലേക്ക് കടക്കുകയായിരുന്നു. 2021-ൽ സ്പെയിനിൽ വെച്ച് അറസ്റ്റിലായ ഇയാളെ 2023-ലാണ് അമേരിക്കയ്ക്ക് കൈമാറിയത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഫണ്ടിംഗ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട കാർവഹാൽ 2025-ൽ യു.എസ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

കാർവഹാലിന്റെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് യു.എസ് കോടതി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. നിലവിൽ അമേരിക്കൻ പിടിയിലുള്ള മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ കേസിൽ കാർവഹാൽ മാപ്പുസാക്ഷിയായി സഹകരിക്കുന്നതിനാലാണ് ശിക്ഷാവിധി നീട്ടിവെച്ചിരിക്കുന്നതെന്നാണ് സൂചന. കൊക്കെയ്ൻ കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് മഡുറോ നേരിടുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ മഡുറോ നിഷേധിച്ചിട്ടുണ്ട്.

White House says Venezuela attempted to sabotage voting machines; details of letter sent to Trump by former intelligence chief revealed

Also Read

More Stories from this section

family-dental
witywide