കാട്ടുതീ പടരുന്നു; വായുനിലവാരം അതീവ ഗുരുതരമായി മിനിയാപൊളിസ് നഗരം; ജനങ്ങളോട് വീടുകളിൽ തുടരാൻ നിർദ്ദേശം

ന്യൂയോർക്ക്: കാനഡയിലും വടക്കൻ മിനസോട്ടയിലും പടർന്നുപിടിക്കുന്ന കാട്ടുതീയെത്തുടർന്ന് യു.എസ് നഗരമായ മിനിയാപൊളിസിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ വച്ച് ഏറ്റവും മോശം വായുനിലവാരമാണ് മിനിയാപൊളിസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കനത്ത പുക മൂടിയ അവസ്ഥയിലാണ്.

ചില പ്രദേശങ്ങളിൽ വായുനിലവാര സൂചിക 460 വരെ ഉയർന്നതായാണ് വിവരം. സാധാരണയായി 300-ന് മുകളിലുള്ള സൂചിക അതീവ അപകടകരമായ സാഹചര്യമായാണ് കണക്കാക്കുന്നത്. മിനിയാപൊളിസിന് പുറമെ അമേരിക്കയിലെ മറ്റൊരു പ്രധാന നഗരമായ ഡെട്രോയിറ്റിലും വായുനിലവാരം സമാനമായ രീതിയിൽ വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്.

സ്ഥിതിഗതികൾ കണക്കിലെടുത്ത് ജനങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് ഭരണകൂടം കർശന നിർദ്ദേശം നൽകി. വിഷയം അതീവ ഗൗരവതരമെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ, മുന്നറിയിപ്പ് നല്‍കി. “സാഹചര്യം ദയവായി എല്ലാവരും ഗൗരവമായി കാണണം. സാധിക്കുമെങ്കിൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരുക, പുറത്തുനിന്നുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക. കുട്ടികൾ, പ്രായമായവർ, ഹൃദയ-ശ്വാസകോശ രോഗങ്ങളുള്ളവർ എന്നിവർക്ക് ഈ അന്തരീക്ഷം ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.”- ഫ്രേ വ്യക്തമാക്കി.

യു.എസ് ഫോറസ്റ്റ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം വടക്കൻ മിനസോട്ടയിലെ സുപ്പീരിയർ നാഷണൽ ഫോറസ്റ്റിൽ മാത്രം 15-ലധികം കാട്ടുതീകളാണ് നിലവിൽ ആളിപ്പടരുന്നത്. പലയിടങ്ങളിലെയും തീ പരസ്പരം ഒന്നിച്ചുചേർന്ന് കൂടുതൽ ശക്തമായിട്ടുണ്ട്. കാനഡയിലെ ഒന്റാറിയോയിൽ മാത്രം 183-ലധികം സജീവ കാട്ടുതീകളാണ് നിലവിലുള്ളത്. ഇവിടെ നിന്നുയരുന്ന കനത്ത പുകയാണ് കാറ്റിനൊപ്പം യു.എസിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും അപ്പർ മിഡ്‌വെസ്റ്റിലേക്കും പടരുന്നത്.

ഈ സീസണിൽ സാധാരണയായി ഉണ്ടാകാറുള്ള താപനിലയേക്കാൾ വളരെ ഉയർന്ന ചൂടാണ് (100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ) പ്രദേശത്ത് രേഖപ്പെടുത്തിയത്. വരണ്ട ശക്തമായ കാറ്റും വർദ്ധിച്ചുവരുന്ന ഇടിമിന്നലുമാണ് തീ അതിവേഗം പടരാൻ കാരണമായത്. വായുമലിനീകരണവും പുകയും കാരണം ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ വീടുകൾ കയറിയിറങ്ങി ജനങ്ങളെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.

പ്രദേശത്ത് ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും കാട്ടുതീ പൂർണ്ണമായി അണയ്ക്കാൻ അത് പര്യാപ്തമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ശക്തമായ ഒരു വലിയ മഴ പെയ്യാതെ ഈ പ്രതിസന്ധി അവസാനിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ കാനഡയിലെയും അമേരിക്കയിലെയും സുരക്ഷാ സേനാംഗങ്ങൾ സംയുക്തമായാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

Wildfires are spreading; Minneapolis air quality is extremely severe; people are advised to stay home

More Stories from this section

family-dental
witywide