
വാഷിംഗ്ടൺ ഡി.സി: യുഎസ് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയും സുരക്ഷയെയും മുൻനിർത്തി രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന നിർണായക വെളിപ്പെടുത്തലുകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് സുതാര്യതയെ കേന്ദ്രീകരിച്ചായിരിക്കും പ്രസംഗമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും, ഭരണകൂടത്തിന്റെ സാമ്പത്തിക വിജയങ്ങളും കുടിയേറ്റ നയങ്ങളും വിശദീകരിച്ചുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. “നമ്മൾ മികച്ച രീതിയിലാണ് മുന്നേറുന്നത്” എന്ന് പ്രഖ്യാപിച്ച ട്രംപ്, രാജ്യത്തെ പണപ്പെരുപ്പ നിരക്കിലെ കുറവും പുതിയ സാമ്പത്തിക പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച’; ചൈനക്കെതിരെ ട്രംപ്
2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലയളവ് മുതൽ ആരംഭിച്ച, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവരച്ചോർച്ചയ്ക്ക് പിന്നിൽ ചൈനയാണെന്ന് പുതുതായി രഹസ്യസ്വഭാവം ഒഴിവാക്കിയ രേഖകൾ ഉദ്ധരിച്ച് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഏകദേശം 220 ദശലക്ഷം (22 കോടി) യുഎസ് വോട്ടർമാരുടെ ഫയലുകളാണ് ചൈന അനധികൃതമായി കൈക്കലാക്കിയിട്ടുള്ളത്.
“വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, രാഷ്ട്രീയ പാർട്ടി താൽപ്പര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അതീവ തന്ത്രപ്രധാനമായ വിവരങ്ങളാണ് ചോർന്നത്. ഇത് മറ്റ് ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. ഈ വിവര നഷ്ടം അഭൂതപൂർവമായ ഒരു തിരഞ്ഞെടുപ്പ് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഈ പ്രോജക്റ്റിനായി ചൈന ഒരു പ്രത്യേക ഡാറ്റാ ചൂഷണ വിഭാഗത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്.” ട്രംപ് പറഞ്ഞു. വിഷയത്തിൽ ശക്തമായ അന്വേഷണം നടത്താൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർക്കും എഫ്.ബി.ഐക്കും ട്രംപ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഇടപെടലുകൾ വ്യക്തമാക്കുന്ന ഇന്റലിജൻസ് രേഖകൾ താൻ പരസ്യപ്പെടുത്തിയതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, 2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്ന മുൻ യു.എസ് ഇന്റലിജൻസ് വിലയിരുത്തലുകൾ തള്ളിക്കൊണ്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ.
സാമ്പത്തിക രംഗത്തെ മുന്നേറ്റവും നികുതിയിളവുകളും
തന്റെ ഭരണകാലത്തെ സാമ്പത്തിക നേട്ടങ്ങൾക്ക് വലിയ ഊന്നൽ നൽകിയ ട്രംപ്, നിക്ഷേപം, തൊഴിൽ, പണപ്പെരുപ്പം, കുറഞ്ഞ മരുന്ന് വില എന്നിവയിലെ പുരോഗതികൾ അക്കമിട്ടു നിരത്തി. അമേരിക്കൻ ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്തവിധം വലിയ തുകയാണ് ഇപ്പോൾ രാജ്യത്ത് നിക്ഷേപിക്കപ്പെടുന്നത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ അമേരിക്കക്കാർ ജോലി ചെയ്യുന്നത് ഇപ്പോഴാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ പണപ്പെരുപ്പ കുറവാണ് ഈ ആഴ്ച രേഖപ്പെടുത്തിയത് എന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
താൻ കൊണ്ടുവന്ന വിപ്ലവകരമായ “ഗ്രേറ്റ് ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്ന നികുതി പരിഷ്കരണ നിയമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അധ്വാനിക്കുന്ന കുടുംബങ്ങൾക്ക് ആയിരക്കണക്കിന് ഡോളർ ലാഭിക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹോട്ടലുകളിലെയും മറ്റും ‘ടിപ്പുകൾക്ക് നികുതിയില്ല’ , ‘ഓവർടൈം ജോലികൾക്ക് നികുതിയില്ല’ , മുതിർന്ന പൗരന്മാരുടെ ‘സോഷ്യൽ സെക്യൂരിറ്റിക്ക് നികുതിയില്ല’ തുടങ്ങിയ ആകർഷകമായ വ്യവസ്ഥകൾ ഇതിലുണ്ട്. കൂടാതെ, അമേരിക്കയിൽ മാത്രം നിർമ്മിച്ച കാറുകൾ വാങ്ങാൻ എടുക്കുന്ന വായ്പകളുടെ പലിശയിളവും ബിസിനസുകൾക്ക് 100% ചിലവ് ഒഴിവാക്കലും ഇതിന്റെ ഭാഗമാണെന്നും ട്രംപ് എടുത്തു പറഞ്ഞു
കുറഞ്ഞ മരുന്ന് വിലയും ‘ട്രംപ് അക്കൗണ്ട്സും’
അമേരിക്കയിലെ വിപണി സൂചികകൾ സർവകാല റെക്കോർഡിലാണെന്നും ജനങ്ങളുടെ പെൻഷൻ, വിരമിക്കൽ ഫണ്ടുകൾ സുരക്ഷിതമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആരോഗ്യരംഗത്തെ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിക്കവെ, തന്റെ ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ നയം വഴി ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ അമേരിക്കക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. TrumpRx.gov എന്ന പോർട്ടൽ വഴി മരുന്നുകളുടെ വില 70 മുതൽ 90 ശതമാനം വരെ കുറയുമെന്നും ഇത് ആരോഗ്യച്ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി ആരംഭിച്ച ‘ട്രംപ് അക്കൗണ്ട്സിനെ’ പ്രോത്സാഹിപ്പിച്ചുകൊണ്ട്, അമേരിക്കയിലെ ഓരോ കുട്ടിക്കും നികുതിരഹിത നിക്ഷേപ അക്കൗണ്ട് ലഭ്യമാക്കുമെന്നും, കോർപ്പറേറ്റ് കമ്പനികളും വ്യക്തികളും ഇതിലേക്ക് വലിയ തുക സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 18 വയസ്സ് തികയുമ്പോൾ ഈ കുട്ടികൾക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ സമ്പാദ്യത്തോടെ ജീവിതം ആരംഭിക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു
മിഷിഗൺ വോട്ടർ രജിസ്ട്രേഷൻ കേസ് എഫ്.ബി.ഐക്ക്
2020-ലെ തിരഞ്ഞെടുപ്പിൽ മിഷിഗണിലെ മസ്‌കെഗൺ കൗണ്ടിയിൽ നടന്നുവെന്ന് പറയപ്പെടുന്ന വോട്ടർ രജിസ്ട്രേഷൻ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാനും ട്രംപ് എഫ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പേരുകളിലും വിവരങ്ങളിലും ആയിരക്കണക്കിന് രജിസ്ട്രേഷൻ ഫോമുകൾ സമർപ്പിക്കപ്പെട്ടതായി എഫ്.ബി.ഐയുടെ മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
അന്ന് കൗണ്ടി ക്ലർക്ക് ഈ വ്യാജ രജിസ്ട്രേഷനുകൾ തടഞ്ഞതിനാൽ തെറ്റായ വോട്ടുകളൊന്നും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. മുൻപ് ഈ കേസിൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ ബൈഡൻ ഭരണകൂടത്തിന്റെ കീഴിലുള്ള ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം “മനഃപൂർവ്വം വെച്ചുതാമസിപ്പിച്ചതാണ്” എന്ന് ട്രംപ് കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം എഫ്.ബി.ഐ ചീഫിന് കർശന നിർദ്ദേശം നൽകി.
ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കം ശക്തമാക്കുന്നു
ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങളുടെ ഫലം “വളരെ പെട്ടെന്ന് തന്നെ” പുറത്തുവരുമെന്നും ട്രംപ് പ്രസ്താവിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇറാനെ നിർബന്ധിതരാക്കുന്നതിന്റെ ഭാഗമായി അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ പ്രധാന പാലങ്ങൾ ലക്ഷ്യമിട്ടാണ് നിലവിൽ യു.എസ് ആക്രമണം തുടരുന്നത്.
അതിനിടെ, തന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാതിരുന്ന യു.എസ് വാർത്താ ചാനലുകൾക്കെതിരെയും ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇത്തരം ചാനലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
“China leaked the data of 220 million voters!” – Trump addresses the nation















