ജാമ്യമില്ല, ജയിലിൽ തന്നെ; അരവിന്ദ് കെജ്രിവാളിന്റെയും കവിതയുടെയും കസ്റ്റഡി 14 ദിവസത്തേക്കു കൂടി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ മാസം അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ബിആർഎസ് നിയമസഭാംഗം കെ കവിതയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കെജ്‌രിവാളും കവിതയും ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ്. മെയ് 7 വരെ കസ്റ്റഡിയിൽ തുടരും.

സിബിഐ കേസിൽ കവിതയുടെ കസ്റ്റഡിയും മെയ് ഏഴാം തിയതി വരെ നീട്ടി. അടുത്ത വാദം കേൾക്കുന്നതിനായി കെജ്‌രിവാളിനെയും കവിതയെയും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ തിഹാർ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു.

അതേസമയം, തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് ജയിൽ അധികൃതർ ഇന്‍സുലിന്‍ നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടിയതോടെയാണ് ഇദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കിയത്. എയിംസിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് കുറഞ്ഞ അളവിലുള്ള രണ്ട് ഡോസ് ഇന്‍സുലിന്‍ കെജ്രിവാളിന് നല്‍കിയത്. തിഹാര്‍ ജയിലിലെ ഡോക്ടറാണ് കെജ്രിവാളിന് ഇന്‍സുലിന്‍ കുത്തിവെച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 217 ആയി വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജയിലിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 20ന് എയിംസിലെ ഡോക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കെജ്രിവാളിന്റെ ഷുഗര്‍ നില ഒരു പരിധിയിലേറെ ഉയര്‍ന്നാല്‍ ഇന്‍സുലിന്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.