
വാഷിംഗ്ടൺ: യുഎസ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് ടോഡ് ബ്ലാഞ്ചിനെ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ വിമത സെനറ്റർമാർക്ക് കർശന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്ലാഞ്ചിൻ്റെ നിയമനം വൈകിപ്പിക്കുന്ന സെനറ്റർമാരായ തോം ടില്ലിസ്, ജോൺ കോർണിൻ എന്നിവർക്കെതിരെയാണ് ട്രംപ് ശനിയാഴ്ച അന്ത്യശാസനം നൽകിയത്. ബ്ലാഞ്ചിൻ്റെ നിയമനത്തിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ, രാഷ്ട്രീയ വേട്ടയാടലിന് ഇരയായവർക്കായി താൻ പ്രഖ്യാപിച്ച വിവാദപരമായ ‘ആൻ്റി-വെപ്പണൈസേഷൻ ഫണ്ട്’ വീണ്ടും കൊണ്ടുവരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ബൈഡൻ ഭരണകൂടത്തിൻ്റെ കാലത്ത് രാഷ്ട്രീയമായി പീഡിപ്പിക്കപ്പെട്ടതായി അവകാശപ്പെടുന്നവർക്ക് ആശ്വാസം നൽകാൻ ലക്ഷ്യമിട്ടുള്ള ഏകദേശം 1.8 ബില്യൺ ഡോളറിൻ്റെ ഈ ഫണ്ട് പൂർണ്ണമായും ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ ബ്ലാഞ്ചിനെ പിന്തുണയ്ക്കൂ എന്ന നിലപാടിലാണ് കോർണിനും ടില്ലിസും. ഐആർഎസ് , ട്രഷറി ഡിപ്പാർട്ട്മെൻ്റ് എന്നിവയ്‌ക്കെതിരെയുള്ള ട്രംപിൻ്റെ നിയമപോരാട്ടം ഒത്തുതീർപ്പാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിലാണ് ഈ ഫണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ഫണ്ട് താൽക്കാലികമായി നിർത്തലാക്കിയതായി നേരത്തെ സൂചനയുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സെനറ്റർമാർ ബ്ലാഞ്ചിൻ്റെ നിയമനത്തെ എതിർത്താൽ അദ്ദേഹത്തെ ‘ആക്ടിംഗ് എജി’ സ്ഥാനത്ത് നിലനിർത്തുമെന്നും, ഫണ്ട് പാസാക്കാൻ കോൺഗ്രസിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
“ഞാൻ പിന്തുണ നൽകാത്തതിനാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയും ചെയ്ത കോർണിനും ടില്ലിസും ചേർന്ന് ടോഡ് ബ്ലാഞ്ചിനെ അറ്റോർണി ജനറലായി അംഗീകരിക്കുന്നില്ലെങ്കിൽ, ഞാൻ ടോഡിനെ ആക്ടിംഗ് എജി ആയി നിലനിർത്തും. കൂടാതെ, അഴിമതി നിറഞ്ഞ മുൻ ഭരണകൂടം ക്രൂരമായി വേട്ടയാടിയവർക്ക് വേണ്ടിയുള്ള ആൻ്റി-വെപ്പണൈസേഷൻ ബിൽ പാസാക്കാൻ പരമാവധി ശ്രമിക്കും,” ട്രംപ് കുറിച്ചു.
ട്രംപിൻ്റെ നിലപാട് മാറ്റത്തെ സെനറ്റർ തോം ടില്ലിസ് ശക്തമായി വിമർശിച്ചു. ഫണ്ട് ഉപേക്ഷിച്ചെന്ന് പറഞ്ഞ ട്രംപ് ഇപ്പോൾ കളം മാറ്റിച്ചവിട്ടുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. “സെനറ്റിലെ ഭൂരിഭാഗം റിപ്പബ്ലിക്കൻമാരും എതിർക്കുന്ന ഒരു ബില്ലിലൂടെയോ, അല്ലെങ്കിൽ മറ്റൊരു വ്യാജ ഫണ്ടിലൂടെയോ ഈ പണം നൽകാൻ ട്രംപ് വീണ്ടും ശ്രമിക്കുകയാണ്. യോഗ്യനായ ടോഡ് ബ്ലാഞ്ചിൻ്റെ നിയമനം ഇതിൻ്റെ പേരിൽ തടസ്സപ്പെടുന്നത് നിർഭാഗ്യകരമാണ്,” ടില്ലിസ് വ്യക്തമാക്കി.
ക്യാമ്പ് ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിലും ഈ ഫണ്ട് ഇല്ലാതായതിനെക്കുറിച്ച് ട്രംപ് ഖേദം പ്രകടിപ്പിച്ചു. റാലികളിലും മറ്റും പങ്കെടുത്ത നിരവധി പേർ ക്രൂരമായി വേട്ടയാടപ്പെട്ടെന്നും അവർക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.
വിവാദങ്ങൾക്കിടെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഈ വരുന്ന ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടുകൾ ഉറപ്പാക്കാൻ വൈറ്റ് ഹൗസിന് കൂടുതൽ സമയം നൽകാനാണ് വോട്ടെടുപ്പ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയതെന്ന് കമ്മിറ്റി ചെയർമാൻ ഗ്രാസ്‌ലി അറിയിച്ചു. മികച്ച ട്രാക്ക് റെക്കോർഡുള്ള ബ്ലാഞ്ചിനെ ഓഗസ്റ്റ് അവധിക്ക് മുൻപ് തന്നെ സ്ഥിരീകരിക്കാനാണ് കമ്മിറ്റിയുടെ നീക്കം.
അതേസമയം, ഡെമോക്രാറ്റുകൾ ഈ പദ്ധതിയെ ‘അഴിമതി ഫണ്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പാർലമെൻ്റ് അംഗീകരിക്കാത്ത ഒരു പദ്ധതിയിലൂടെ പൊതുപണം ചെലവഴിക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് കാണിച്ച് ഡെമോക്രസി ഫോർവേഡ് എന്ന സംഘടന നൽകിയ ഹർജിയിൽ മുൻപ് ഫെഡറൽ കോടതി ഈ ഫണ്ട് താൽക്കാലികമായി തടഞ്ഞിരുന്നു. പ്രതിപക്ഷത്തോടൊപ്പം സ്വന്തം പാർട്ടിയിലെ വലിയൊരു വിഭാഗവും എതിർക്കുന്നതിനാൽ ട്രംപിന് ഈ ഫണ്ട് പാസാക്കിയെടുക്കുക എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അടുത്ത ആഴ്ചയോടെ യുഎസ് സെനറ്റ് വേനൽക്കാല അവധിയിലേക്ക് കടക്കുകയാണ്.
Blanche’s appointment must happen: Trump’s ultimatum to senators; ‘Anti-Weaponization Fund’ will be implemented if not complied with















