
ട്വിൻ ഫാൾസ് (ഐഡഹോ): അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തുള്ള ട്വിൻ ഫാൾസിലെ പ്രമുഖ റെസ്റ്റോറൻ്റായ ‘ഇൻ-എൻ-ഔട്ട്’ പരിസരത്തുണ്ടായ കൂട്ടവെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് പ്രദേശം തരംതിരിച്ചുള്ള ആക്രമണത്തിന് ഇരയായത്. ആക്രമണം നടത്തിയ തോക്കുധാരിയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് സിറ്റി വക്താവ് ജോഷ്വ പാമർ നൽകുന്ന പ്രാഥമിക വിവരം. പരിക്കേറ്റ നിരവധി ആളുകളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
ഒരു ഷോപ്പിംഗ് മാളിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ വെടിയൊച്ചകൾ കേട്ടതോടെ ജനങ്ങൾ ചിതറിയോടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കയ്യിൽ അത്യാധുനിക തോക്കുമായി എത്തിയ അക്രമി പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഡോറുകൾ ബലമായി തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അക്രമി കൊല്ലപ്പെട്ടതായി വ്യക്തമാക്കിയ ട്വിൻ ഫാൾസ് പൊലീസ് ചീഫ് മാത്യു ഹിക്സ്, ഇയാൾ എങ്ങനെയാണ് മരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയുടെ വിവരങ്ങളോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളോ ഇനിയും വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഭവം നടക്കുമ്പോൾ റെസ്റ്റോറൻ്റിലും പരിസരത്തുമായി നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്തെ പ്രധാന റോഡുകളും പാലങ്ങളും പൊലീസ് താൽക്കാലികമായി അടച്ചു. പ്രാദേശിക പൊലീസിനെ സഹായിക്കാൻ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയും രംഗത്തുണ്ട്. ഐഡഹോയുടെ തലസ്ഥാനമായ ബോയ്‌സിയിൽ നിന്നും 120 മൈൽ അകലെയാണ് വെടിവെപ്പുണ്ടായ ട്വിൻ ഫാൾസ് സ്ഥിതി ചെയ്യുന്നത്.
Mass shooting at US restaurant: 3 dead; gunman also killed















