
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിൻ്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ രംഗത്ത്. മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഒരു ജീവനക്കാരനായ പിതാവ്, മകൻ്റെ യുഎസിലെ ഉയർന്ന വിദ്യാഭ്യാസത്തിനുള്ള പണം എങ്ങനെ കണ്ടെത്തി എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.
വിവരാവകാശ പ്രവർത്തകനായ അമിത് തിവാരിയാണ് ഈ ആവശ്യവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും നികുതി വകുപ്പ് അധികൃതരെയും സമീപിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തു പൊലീസ് പിടിയിലായ സിജെപി പ്രവർത്തകർക്കായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച 1 കോടി രൂപയുടെ നിയമസഹായ ഫണ്ടിനെക്കുറിച്ചും അന്വേഷണം വേണമെന്ന് തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. അഭിജീതിൻ്റെ പിതാവ് ഭഗവാൻറാവോ ദിപ്കെയുടെ സാമ്പത്തിക സ്ഥിതി ഇതിനോടൊപ്പം പരിശോധിക്കണമെന്നാണ് ഇദ്ദേഹത്തിൻ്റെ കത്തിലുള്ളത്.
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരു രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്നും എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഇത് പ്രവർത്തിക്കുന്നുണ്ടെന്നും തിവാരി ചൂണ്ടിക്കാണിക്കുന്നു. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29എ പ്രകാരം സിജെപി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. രജിസ്റ്റർ ചെയ്യാത്ത പക്ഷം രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഫണ്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാകാം.
കപിൽ സിബൽ വാഗ്ദാനം ചെയ്ത ഫണ്ട് സംഭാവനയ്ക്ക് ജിഎസ്ടി ബാധകമാണോ എന്ന് പരിശോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനോടും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി പൊലീസിൻ്റെ പിടിയിലായ പ്രതിഷേധക്കാർക്ക് നിയമസഹായം നൽകാനായി സിജെപി രൂപീകരിച്ച ഫണ്ടിലേക്കാണ് കപിൽ സിബൽ കഴിഞ്ഞ ദിവസം 1 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചത്.
RTI activist demands investigation into Abhijeet Dipke’s father’s financial source















