
ചെന്നൈ: തമിഴ്‌നാട് കൊളത്തൂർ നിയമസഭാ മണ്ഡലത്തിലെ ഇവിഎം-വിവിപാറ്റ് യന്ത്രങ്ങളുടെ പരിശോധനയ്ക്കിടെ വൻ അട്ടിമറി ആരോപണവുമായി ഡിഎംകെ രംഗത്ത്. വോട്ട് പരിശോധന പുരോഗമിക്കുന്നതിനിടെ ഒരു യന്ത്രത്തിൽ 412 വോട്ടുകൾ രേഖപ്പെടുത്തിയതിന് ശേഷം വിവിപാറ്റിലെ ലൈറ്റ് തെളിഞ്ഞില്ലെന്നും ‘Error 2.9’ എന്ന് കാണിച്ചതായും ഡിഎംകെ നേതാക്കൾ ആരോപിച്ചു. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ കൊളത്തൂരിൽ വോട്ടെടുപ്പിൽ വ്യാപക കൃത്രിമം നടന്നു എന്നതിന് തെളിവാണിതെന്ന് ഡിഎംകെ എംപി എൻ.ആർ. ഇളങ്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഡിഎംകെ പ്രതിനിധികൾ പരിശോധന ബഹിഷ്കരിച്ചു.
നടന്നത് വെറും സാങ്കേതിക തകരാർ മാത്രമാണെന്നും വോട്ട് രേഖപ്പെടുത്തിയതിൽ യാതൊരു അപാകതയുമില്ലെന്നും ചെന്നൈ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജി.എസ്. സമീരൻ വ്യക്തമാക്കി. എന്നാൽ യന്ത്രങ്ങൾ സുരക്ഷിതമായിട്ടല്ല സൂക്ഷിച്ചതെന്നും സീലുകളിൽ മാറ്റം വരുത്തിയതായും ആരോപിച്ച ഡിഎംകെ, തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ മദ്രാസ് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊളത്തൂരിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. സ്റ്റാലിൻ്റെ പരാതിയെ തുടർന്ന് മണ്ഡലത്തിലെ 14 പോളിങ് ബൂത്തുകളിലെ യന്ത്രങ്ങളാണ് നിലവിൽ പുനഃപരിശോധിക്കുന്നത്.
DMK has come forward with allegations of major tampering during the inspection of EVM-VVPAT machines in Kolathur assembly constituency in Tamil Nadu.















