ചൈനയിലെ പാര്‍ക്കില്‍വെച്ച് യുഎസ് പൗരന്മാര്‍ക്ക് നേരെ ആക്രമണം ; 4 പേര്‍ക്ക് മാരകമായി കുത്തേറ്റു

ബീജിംഗ്: ചൈനയില്‍ ജോലി ചെയ്യുന്ന നാല് അമേരിക്കന്‍ കോളേജ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മാരകമായി കുത്തേറ്റു. ചൈനയിലെ ജിലിനില്‍ പബ്ലിക് പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം. ദാരുണമായ സംഭവത്തെക്കുറിച്ച് ഇവരുടെ തൊഴിലുടമയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു.

നാല് പേരും അയോവയിലെ കോര്‍ണെല്‍ കോളേജില്‍ ഇന്‍സ്ട്രക്ടര്‍മാരായി ജോലി ചെയ്യുകയാണ്. കോര്‍നെല്‍ കോളേജ് ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് ‘ക്രൂരമായി കുത്തേറ്റതായി’ അയോവ കോണ്‍ഗ്രസ് വുമണ്‍ ആഷ്ലി ഹിന്‍സണ്‍ എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് അയോവയുടെ ഫെഡറല്‍ ഡെലിഗേഷനുമായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുമായും ബന്ധപ്പെട്ടുവെന്ന് ഗവര്‍ണര്‍ കിം റെയ്‌നോള്‍ഡ്‌സും വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. അതേസമയം, ആക്രമണത്തെക്കുറിച്ച് ജിലിന്‍ പ്രവിശ്യാ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്രമികളെക്കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.