
വാഷിംഗ്ടൺ: അമേരിക്കയിൽ അബോർഷൻ ഗുളികകളുടെ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ. പ്രമുഖ അബോർഷൻ മരുന്നായ മിഫെപ്രിസ്റ്റോൺ നിർമ്മിക്കുന്ന ഡാങ്കോ ലബോറട്ടറീസാണ് രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്. തപാൽ വഴി അബോർഷൻ ഗുളികകൾ അയക്കുന്നത് തടഞ്ഞുകൊണ്ടും, മരുന്ന് വാങ്ങാൻ ഡോക്ടറെ നേരിട്ട് കാണണമെന്ന നിബന്ധന പുനഃസ്ഥാപിച്ചുകൊണ്ടുമുള്ള ഫിഫ്ത് സർക്യൂട്ട് അപ്പീൽ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം.
അബോർഷൻ നിരോധിച്ച സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് മരുന്നുകൾ ലഭിക്കാൻ നിലവിൽ ടെലിമെഡിസിൻ സംവിധാനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പുതിയ കോടതി ഉത്തരവ് നിലവിൽ വരുന്നതോടെ മരുന്നിനായി ഇവർ നേരിട്ട് ഫാർമസികളിലോ ക്ലിനിക്കുകളിലോ എത്തേണ്ടി വരും. ഇത് ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അപ്പീൽ കോടതിയുടെ വിധി വലിയ ആശയക്കുഴപ്പത്തിനും രോഗികൾക്ക് പരിഹരിക്കാനാകാത്ത ദോഷത്തിനും കാരണമാകുമെന്ന് ഡാങ്കോ ലബോറട്ടറീസ് കോടതിയിൽ ബോധിപ്പിച്ചു. ലൂസിയാന സംസ്ഥാനം നൽകിയ ഹർജിയിലാണ് അപ്പീൽ കോടതിയുടെ പുതിയ വിധി ഉണ്ടായത്. “ലൂസിയാനയിലെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന വലിയ വിജയമാണിതെന്ന്” അറ്റോർണി ജനറൽ ലിസ് മുറിൽ പറഞ്ഞു. എന്നാൽ, ഈ വിധി ശാസ്ത്രത്തിനും നിയമത്തിനും നിരക്കാത്തതാണെന്ന് മനുഷ്യാവകാശ സംഘടനയായ എ.സി.എൽ.യു പ്രതികരിച്ചു.
അതേസമയം, ഫെഡറൽ കോടതിയുടെ വിധി എന്തുതന്നെയായാലും ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ അബോർഷൻ ഗുളികകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് അവിടുത്തെ ഭരണകൂടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
2000-ലാണ് അമേരിക്ക മിഫെപ്രിസ്റ്റോൺ മരുന്നിന് അംഗീകാരം നൽകിയത്. 2021-ൽ കോവിഡ് പശ്ചാത്തലത്തിൽ തപാൽ വഴി മരുന്ന് നൽകാൻ അനുമതി ലഭിച്ചു. 2023-ൽ ഈ അനുമതി സ്ഥിരമാക്കി. നിലവിൽ അമേരിക്കയിലെ 95 ശതമാനം മെഡിക്കൽ അബോർഷനുകളും ഈ രീതിയിലാണ് നടക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടൽ ഈ വിഷയത്തിൽ നിർണ്ണായകമാകും. വരും ദിവസങ്ങളിൽ കോടതി ഈ അപ്പീലിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Abortion pill restrictions: Legal battle heads to US Supreme Court













