ന്യൂഡല്‍ഹി: ഇറ്റലിയിലെ സിസിലിയില്‍ ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരന്‍ മൈക്ക് ലിഞ്ചിന്റെ മൃതദേഹം കണ്ടെത്തി. ഒപ്പം മകളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ലിഞ്ചും മകള്‍ ഹന്നയും ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഇന്നലെ കടലില്‍ 165 അടി ആഴത്തിലുണ്ടായിരുന്ന ബോട്ടിന്റെ ക്യാബിനുകളില്‍ നിന്നാണ് 4 മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരാളുടെ മൃതദേഹം ഇന്നത്തെ തിരച്ചിലിലാണ് ലഭിച്ചത്. ഇനി ശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശക്തമായ കാറ്റില്‍ അകപ്പെട്ട് ഇവര്‍ സഞ്ചരിച്ച ‘ബേസിയന്‍’ എന്ന ആഡംബര ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്. യു കെയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജോനാഥന്‍ ബ്ലൂമര്‍, ഭാര്യ ജൂഡിത്ത്, ലിഞ്ചിന്റെ അഭിഭാഷകനും യു.എസ് പൗരനുമായ ക്രിസ് മോര്‍വില്ലോ, ജ്വല്ലറി ഡിസൈനറായ ഇദ്ദേഹത്തിന്റെ ഭാര്യ നെഡ എന്നിവരെയാണ് ലിഞ്ചിനും മകള്‍ക്കുമൊപ്പം കാണാതായത്. അതേസമയം, ലിഞ്ചിന്റെ ഭാര്യ ഉള്‍പ്പെടെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു.