
ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലച്ച ലൈംഗിക പീഡനക്കേസിലെ പ്രതി ജെഫ്രി എപ്‌സ്റ്റീൻ്റെ എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണയുമായി ഫെഡറൽ പ്രോസിക്യൂട്ടർമാർ. കുറിപ്പ് മുദ്രവെച്ച രേഖയായി സൂക്ഷിക്കണമെന്ന നിലപാട് മാറ്റണമെന്നും ഇത് പുറത്തുവിടുന്നതിൽ തടസ്സമില്ലെന്നും യുഎസ് അറ്റോർണി ഓഫീസ് കോടതിയെ അറിയിച്ചു. പ്രമുഖ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ നൽകിയ ഹർജിയിലാണ് പ്രോസിക്യൂട്ടർമാരുടെ നിർണ്ണായക നീക്കം.
എപ്‌സ്റ്റീൻ്റെ മുൻ സെൽമേറ്റും കൊലക്കേസ് പ്രതിയുമായ നിിക്കോളാസ് ടാർടാഗ്ലിയോണി ഈ കുറിപ്പിനെക്കുറിച്ച് നേരത്തെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇനി രേഖ രഹസ്യമായി വെക്കുന്നതിൽ അർത്ഥമില്ലെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം.
ജയിലിൽ എപ്‌സ്റ്റീൻ നടത്തിയ ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ഒരു പുസ്തകത്തിനുള്ളിൽ നിന്നാണ് തനിക്ക് ഈ കുറിപ്പ് ലഭിച്ചതെന്ന് ടാർടാഗ്ലിയോണി അവകാശപ്പെട്ടിരുന്നു. ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം കുറിപ്പിലെ വിവരങ്ങൾ വെളിപ്പെടുത്തിയത് ഇങ്ങനെ:”എഫ്.ബി.ഐ മാസങ്ങളോളം എന്നെ നിരീക്ഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.””ഇനി ഞാൻ എന്ത് ചെയ്യണം? ഇതിനെക്കുറിച്ച് ഓർത്ത് കരയണോ?”കുറിപ്പിന് താഴെ ഒരു ‘സ്മൈലി’ ചിഹ്നവും “വിടപറയാൻ സമയമായി” (Time to say goodbye) എന്ന വാചകവും ഉണ്ടായിരുന്നു.
2019 ഓഗസ്റ്റിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് എപ്‌സ്റ്റീൻ ജയിലിനുള്ളിൽ തൂങ്ങിമരിച്ചത്. എപ്‌സ്റ്റീൻ്റെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിനെക്കുറിച്ച് അന്ന് വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ പുതിയ കുറിപ്പ് പുറത്തുവരുന്നതോടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. മാധ്യമങ്ങളുടെ ഹർജിയിൽ ജഡ്ജി കെന്നത്ത് കരാസ് വരും ദിവസങ്ങളിൽ അന്തിമ തീരുമാനം എടുത്തേക്കും. കോടതി അനുമതി നൽകിയാൽ വർഷങ്ങളായി രഹസ്യമാക്കി വെച്ചിരുന്ന ഈ തെളിവ് പൊതുജനങ്ങൾക്ക് ലഭ്യമാകും.
Federal prosecutors support release of Jeffrey Epstein’s suicide note















