
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ. ഇറാൻ്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും സായുധ ബോട്ടുകളെയും പ്രതിരോധിച്ചുകൊണ്ട് യുഎസ് നാവികസേനയുടെ രണ്ട് ഡിസ്ട്രോയർ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ പ്രവേശിച്ചു. യുഎസ്എസ് ട്രക്സ്റ്റൺ , യുഎസ്എസ് മേസൺ എന്നീ കപ്പലുകളാണ് ഇറാനിയൻ പ്രതിരോധം ഭേദിച്ച് ലക്ഷ്യസ്ഥാനത്തെത്തിയത്.
തുടർച്ചയായ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെയും അത്യാധുനിക യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെയാണ് യുഎസ് കപ്പലുകൾ കടലിടുക്കിലൂടെ നീങ്ങിയത്. കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ തുടർച്ചയായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതായും ചെറിയ സായുധ ബോട്ടുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചതായും പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ യുഎസ് സൈന്യത്തിൻ്റെ കടുത്ത തിരിച്ചടിയിൽ ഇറാൻ്റെ ആറ് ബോട്ടുകൾ തകർന്നു. അമേരിക്കൻ കപ്പലുകൾക്ക് നേരെ വന്ന ഒരൊറ്റ പ്രൊജക്റ്റൈൽ പോലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നും കപ്പലുകൾ സുരക്ഷിതമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
വഴികാട്ടിയായി ‘പ്രോജക്ട് ഫ്രീഡം’
മേഖലയിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി യുഎസ് ആരംഭിച്ച ‘പ്രോജക്ട് ഫ്രീഡം’ എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. ഫെബ്രുവരിയിൽ ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചതോടെ നൂറുകണക്കിന് എണ്ണക്കപ്പലുകളാണ് കടലിൽ കുടുങ്ങിയത്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു. കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് യുഎസ് വാണിജ്യ കപ്പലുകളും ഡിസ്ട്രോയറുകൾക്കൊപ്പം വിജയകരമായി കടലിടുക്ക് കടന്നു.+
അമേരിക്കൻ കപ്പലുകൾ പ്രവേശിച്ചാൽ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഇരുരാജ്യങ്ങളും തമ്മിൽ നാല് ആഴ്ചയായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം, തങ്ങളുടെ ബോട്ടുകൾ തകർക്കപ്പെട്ടെന്ന യുഎസ് വാദം ഇറാൻ തള്ളി. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ വീണ്ടും യുദ്ധഭീതി പടരുകയാണ്.
USS Truxton and Mason pass through Strait of Hormuz, tension intensifies















