ദുരനുഭവം പങ്കുവെച്ച് ചാര്‍മിളയും ; മലയാള സിനിമയില്‍ നിന്ന് 28 പേര്‍ മോശമായി പെരുമാറി, ‘പരിണയം’ സിനിമയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദമുയര്‍ത്തിയ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിമേലുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വേരുപിടിക്കുന്ന ആരോപണങ്ങളാണ് ദിനം പ്രതി ഉയരുന്നത്. ഇപ്പോഴിതാ മലയാളത്തിന് പ്രിയങ്കരിയായ നടി ചാര്‍മിളയും സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

മലയാള സിനിമയില്‍ നിന്ന് സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുള്‍പ്പെടെ 28 പേര്‍ മോശമായി പെരുമാറിയെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ ഒരു നിര്‍മാതാവ് സുഹൃത്തുക്കള്‍ക്കൊപ്പം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും താന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് ചോദിച്ചെന്നും നടി വ്യക്തമാക്കി. മാത്രമല്ല, താന്‍ തയ്യാറല്ലെന്ന് വ്യക്തമായതോടെ ‘പരിണയം’ സിനിമയില്‍ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കിയെന്നും ചാര്‍മിള പറഞ്ഞു.

കാരവാനില്‍ ഒളിക്യാമറവെച്ച് നടിമാര്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ സെറ്റിലുണ്ടായിരുന്ന നടന്മാരടക്കമുള്ളവര്‍ കണ്ടിരുന്നുവെന്ന് ഇന്നലെ തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ചാര്‍മിളയും താന്‍ നേരിട്ട അനുഭവം തുറന്നു പറഞ്ഞത്.