ചരിത്രത്തിലാദ്യമായി അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു; ട്രംപ്-ബൈഡൻ കാലത്ത് കടം ഇരട്ടിയിലധികമായി

വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ആകെ ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ സാധ്യത വർധിക്കുന്നുവെന്ന മുന്നറിയിപ്പുകൾക്കിടെയാണ് പുതിയ കണക്ക് പുറത്തുവന്നത്. സാമൂഹിക സുരക്ഷാ പദ്ധതികൾക്കും കടത്തിന്റെ പലിശ അടയ്ക്കുന്നതിനുമുള്ള ചെലവ് കുത്തനെ ഉയരുകയാണ്. അതേസമയം നികുതി ഇളവുകൾ മൂലം സർക്കാർ വരുമാനം പരിമിതപ്പെടുന്നതും സാമ്പത്തിക സ്ഥിതിയെ കൂടുതൽ സമ്മർദത്തിലാക്കുന്നതായാണ് വിലയിരുത്തൽ.

ട്രഷറി വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച അമേരിക്കയുടെ ആകെ കുടിശ്ശിക കടം 40.047 ട്രില്യൺ ഡോളറായി. ഇതിൽ പൊതുജനങ്ങളുടെ കൈവശമുള്ള ട്രഷറി സെക്യൂരിറ്റികളുടെ കടം 32.266 ട്രില്യൺ ഡോളറും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള കടബാധ്യത 7.782 ട്രില്യൺ ഡോളറുമാണ്.

2017 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് ആദ്യമായി പ്രസിഡന്റായി അധികാരമേറ്റപ്പോൾ അമേരിക്കയുടെ കടം 19.95 ട്രില്യൺ ഡോളറായിരുന്നു. അതായത് ഒരു ദശാബ്ദം തികയുന്നതിന് മുമ്പ് തന്നെ രാജ്യത്തിന്റെ കടം ഇരട്ടിയിലധികമായി.

ഈ വർധനയുടെ ഏകദേശം മൂന്നിലൊന്ന് കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ട്രംപിന്റെയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെയും ഭരണകാലത്ത് സർക്കാർ വൻതോതിൽ കടമെടുത്ത രണ്ട് വർഷത്തിനിടെയാണ് ഉണ്ടായത്. ഇരുവരുടെയും സാമ്പത്തിക നയങ്ങളും വർഷങ്ങളായി തുടരുന്ന നികുതി-ചെലവ് അസന്തുലിതാവസ്ഥയുമാണ് ബാക്കി വർധനയ്ക്ക് കാരണമായത്.

അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളറിലെത്തുമെന്ന് ബജറ്റ് നിരീക്ഷണ സംഘടനകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി സുസ്ഥിരമല്ലെന്നും നികുതി വർധിപ്പിക്കുകയോ സർക്കാർ ചെലവ് കുറയ്ക്കുകയോ രണ്ടും നടപ്പാക്കുകയോ ചെയ്യണമെന്ന് നിയമനിർമാതാക്കളോട് സംഘടനകൾ ആവശ്യപ്പെട്ടു.

40 ട്രില്യൺ ഡോളറിന്റെ കടം സർക്കാരിന്റെ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. അത് സമ്പദ്‌വ്യവസ്ഥയിലുടനീളം പ്രതിഫലിക്കുകയും ഏതെങ്കിലും തരത്തിൽ ജനങ്ങളുടെ പോക്കറ്റുകളെ ബാധിക്കുകയും ചെയ്യുന്നുവെന്ന് Responsible Federal Budget കമ്മിറ്റി പ്രസിഡന്റ് മായ മക്ഗിനിയസ് പറഞ്ഞു.

കൂടുതൽ കടമെടുക്കുന്നത് പണപ്പെരുപ്പം വർധിപ്പിക്കുകയും ബജറ്റിലെ മറ്റ് പ്രധാന മേഖലകൾക്കുള്ള പണം കുറയ്ക്കുകയും രാജ്യത്തിനകത്തെ അടിയന്തര സാഹചര്യങ്ങളെയും വിദേശത്തെ പ്രതിസന്ധികളെയും നേരിടാനുള്ള ശേഷി ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

39 ട്രില്യൺ ഡോളർ കടം പിന്നിട്ടിട്ട് അഞ്ച് മാസത്തിൽ താഴെ സമയത്തിനുള്ളിലാണ് 40 ട്രില്യൺ ഡോളറിലെത്തിയത്. 1981ൽ അമേരിക്കയുടെ കടം ആദ്യമായി ഒരു ട്രില്യൺ ഡോളറിലെത്താൻ വർഷങ്ങളെടുത്തപ്പോൾ, കഴിഞ്ഞ 20 വർഷത്തിനിടെ അത് നാലിരട്ടിയായെന്നും മക്ഗിനിയസ് ചൂണ്ടിക്കാട്ടി. ഒരു ആഗോള ശക്തിയുടെ സാമ്പത്തിക തകർച്ച ഇത്രയും പ്രവചിക്കാവുന്നതായി മാറുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ വിദേശ വായ്പാദാതാക്കൾക്കിടയിലും ആശങ്ക വർധിക്കുന്നതിന്റെ സൂചനകളുണ്ട്. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ ഏകദേശം മൂന്നിലൊന്ന് കൈവശം വച്ചിരിക്കുന്ന വിദേശ നിക്ഷേപകരുടെ ആവശ്യം കഴിഞ്ഞ ഒരു വർഷത്തിനിടെ കുറഞ്ഞുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

US debt crosses $40 trillion threshold after doubling under Trump and Biden

More Stories from this section

family-dental
witywide