ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നും 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉള്ളടക്കം നിയന്ത്രിക്കുന്ന പ്രത്യേക ചട്ടക്കൂട് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പി. എസ്. അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്നോ നിയന്ത്രിക്കണമെന്നോ കോടതി നേരിട്ട് നിർദേശിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹർജി കേന്ദ്ര സർക്കാരിനുള്ള നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.വിഷയത്തിൽ കേന്ദ്രം തീരുമാനമെടുക്കേണ്ട സമയപരിധി നിശ്ചയിക്കാനും കോടതി തയ്യാറായില്ല.
ഇത് നയപരമായ വിഷയമാണ്
“ഇത് നയപരമായ വിഷയമാണ്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം എടുക്കേണ്ടത്. എന്ത് നിരോധിക്കണം, എന്ത് നിരോധിക്കരുത് എന്ന് കോടതി നിർദേശിക്കേണ്ട കാര്യമില്ല. വിഷയം പരിശോധിച്ച് അധികൃതർ തന്നെ തീരുമാനമെടുക്കട്ടെ,” എന്ന് ഹർജിക്കാരന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമമോ മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക നിധി രാമൻ കോടതിയെ അറിയിച്ചു. ഇതിനായി പുതിയ നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അവർ വ്യക്തമാക്കി. വിഷയത്തിന് വ്യാപകമായ പ്രത്യാഘാതങ്ങളുള്ളതിനാൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് നിയമം
ഇക്കാര്യത്തിൽ നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്ന വ്യവസ്ഥകളുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് ഇതിനകം നിലവിൽ വന്നിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ ആശങ്കസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കം (CSAM) വ്യാപകമായി പ്രചരിക്കുന്നതിൽ ഹർജിക്കാരന്റെ അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഇത് നയപരമായ വിഷയമാണെന്നും കേന്ദ്രത്തെ സമയപരിധിയിൽ തീരുമാനം എടുക്കാൻ നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ CSAM തടയുന്നതിനായി പ്ലാറ്റ്‌ഫോമുകൾ ഇതിനകം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൂർണമായ നിരോധനം എന്നത് ഏറ്റവും കടുത്ത പരിഹാരമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കിൽ ആറ് ലക്ഷത്തിലധികം പോസ്റ്റുകൾ നീക്കം ചെയ്തു
Meta പ്ലാറ്റ്‌ഫോമുകൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ, CSAM തടയുന്നതിനായി കമ്പനി ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം Facebook-ൽ CSAM അടങ്ങിയ ആറ് ലക്ഷത്തിലധികം പോസ്റ്റുകളും Instagram-ൽ രണ്ട് ലക്ഷത്തിലധികം പോസ്റ്റുകളും നീക്കം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. Facebook, Instagram പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുന്നതിനുള്ള പ്രോആക്ടീവ് ഡിറ്റക്ഷൻ നിരക്ക് 99 ശതമാനമാണെന്നും അഭിഭാഷകൻ പറഞ്ഞു.
സാങ്കേതികവിദ്യ വികസിച്ചതോടെ ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ടെങ്കിലും, എല്ലാ ശ്രമങ്ങൾക്കിടയിലും ചില ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പുറത്തേക്ക് എത്തുന്ന സാഹചര്യമുണ്ടാകുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.
Delhi High Court leaves social media curbs for children to Centre’s policy-making process










