
മസാച്യുസെറ്റ്സ്: അതീവ എരിവുള്ള ടോര്‍ട്ടില്ല ചിപ്പ് കഴിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിലെ മസാച്യുസെറ്റ്സിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അമിതമായ അളവില്‍ മുളകും രാസ സംയുക്തവും അടങ്ങിയിട്ടുള്ള ടോര്‍ട്ടില്ല ചിപ്പ് കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. എന്നാല്‍ വ്യാഴാഴ്ചയാണ് കുട്ടിയുടെ മരണകാരണം കണ്ടെത്തിയത്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഹാരിസ് വോലോബ എന്നാണ് മരിച്ച ആണ്‍കുട്ടിയുടെ പേര്. കുട്ടിക്ക് ജന്മനാ ഹൃദയ വൈകല്യം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഒരു ചലഞ്ചിന്റെ ഭാഗമായി കരോലിന റീപ്പര്‍ കുരുമുളകും നാഗ വൈപ്പര്‍ കുരുമുളകും ചേര്‍ത്ത ടോര്‍ട്ടില്ല ചിപ്പ് കുട്ടി കഴിക്കുകയായിരുന്നു.
വെല്ലുവിളി മുതിര്‍ന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് പാക്വി വക്താവ് ദാരുണമായ സംഭവത്തോട് പ്രതികരിച്ചത്. പാക്വിയുടെ വണ്‍ ചിപ്പ് ചലഞ്ച് മുതിര്‍ന്നവര്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ളതാണ്, ഉല്‍പ്പന്നം കുട്ടികള്‍ക്കോ മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങളോട് പ്രശ്‌നമുള്ളവര്‍ക്കോ, ആരോഗ്യപരമായ മോശം അവസ്ഥകളോ ഉള്ളവര്‍ക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുളകില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന എരിവുള്ള രാസവസ്തുവാണ് കാപ്‌സൈസിന്‍. ഇത് ഉയര്‍ന്ന അളവിലുള്ള ചിപ്പാണ് കുട്ടിയുടെ ജീവനെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഉത്പന്നം വിപണിയില്‍ നിന്നും മാറ്റിയിട്ടുണ്ട്.















