മോദിക്കെതിരെ ഉയര്‍ന്ന ക്രിമിനല്‍ ആരോപണങ്ങള്‍ : തന്റെ ഉദ്യോഗസ്ഥരിലെ ‘ക്രിമിനലുകളും മാധ്യമങ്ങളും’ തെറ്റ് വിളിച്ചുപറയുന്നുവെന്ന് ട്രൂഡോ

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയന്‍ മാധ്യമ റിപ്പോര്‍ട്ടിനെതിരെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി.

ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടയിലാണ് ട്രൂഡോ തന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയത്.

വെള്ളിയാഴ്ച ബ്രാംപ്ടണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ആണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ചോര്‍ന്നെന്ന നിലയില്‍ പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്നും മാധ്യമങ്ങളില്‍ അതീവരഹസ്യമായ വിവരങ്ങള്‍ എന്ന പേരില്‍ പുറത്തുവരുന്നതില്‍ സ്വന്തം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലെ ചിലരെ കുറ്റപ്പെടുത്തുകയും ക്രിമിനലുകള്‍ എന്ന് വിളിക്കുകയും ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനെയും അജിത് ഡോവലിനെയും പുറത്തുവന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് കാനഡ വസ്തുതാപരമായി പരിശോധിക്കുകയും നിരസിക്കുകയും ചെയ്തിരുന്നു.